ഹാരിസണ്‍ മലയാളം പ്ലാന്റേഷനിലെ തൊഴിലാളി സമരം; മാനേജ്‌മെന്റ് ചര്‍ച്ചക്ക് വിളിച്ചു

തൊടുപുഴ: മൂന്നാര്‍ കണ്ണന്‍ ദേവന്‍ പ്ലാന്റേഷനിലെ സമര വിജയത്തിന് പിന്നാലെ സൂര്യനെല്ലിയിലും പള്ളിവാസലിലും തൊഴിലാളികള്‍ അവകാശപ്പോരാട്ടത്തിലേക്ക്.

സൂര്യനെല്ലിയിലും സംയുക്ത ട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ സ്ത്രീ തൊഴിലാളികളാണ് സമരത്തിനിറങ്ങിയത്.

ഹാരിസണ്‍ മലയാളം പ്ലാന്റേഷനിലെ പൂപ്പാറ, ആനയിറങ്കല്‍, പന്നിയാര്‍ തുടങ്ങിയ ഡിവിഷനുകളിലെ തൊഴിലാളികളാണ് സമരരംഗത്ത്. 20 ശതമാനം ബോണസ് നല്‍കുക, ലയങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കുക, ആശുപത്രി സൗകര്യവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഏര്‍പ്പെടുത്തുക തുടങ്ങി ആവശ്യങ്ങളാണ് എ.ഐ.ടി.യു.സി, സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി തുടങ്ങിയ സംഘടനകള്‍ സംയുക്തമായി മുമ്പോട്ട് വെക്കുന്നത്.

തിങ്കളാഴ്ച രാവിലെ സൂര്യനെല്ലി എസ്റ്റേറ്റിലെ 150ഓളം തൊഴിലാളികള്‍ ഫാക്ടറിക്ക് സമീപം മുദ്രാവാക്യം വിളിച്ചശേഷം ജോലിക്കിറങ്ങി. ചൊവ്വാഴ്ച രാവിലെ എട്ടര മുതല്‍ വീണ്ടും സംഘടിച്ചത്തെി എച്ച്.എം.എല്‍ ഓഫിസിന് സമീപം ഗേറ്റിനു മുന്നില്‍ ഉപരോധ സമരം നടത്തി. എച്ച്.എം.എല്‍ കമ്പനിക്ക് ഇവിടെ അഞ്ചു ഡിവിഷനുകളിലായി തൊള്ളായിരത്തോളം തൊഴിലാളികളാണുള്ളത്.

സമരത്തെ തുടര്‍ന്ന് മാനേജ്‌മെന്റ് തൊഴിലാളികളെ ചര്‍ച്ചക്ക് വിളിച്ചെങ്കിലും ചര്‍ച്ച ഫലംകണ്ടില്ല.

Top