ഹരിയാനയില്‍ മത്സരിക്കുന്നത് ഗുരുതരമായ ക്രിമിനല്‍ കേസില്‍ പെട്ടവരെന്ന് പഠനം

ചാണ്ഡിഗഢ്: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരില്‍ അഞ്ച് ശതമാനം പേര്‍ ഗുരുതരമായ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരാണന്ന് പുതിയ പഠന റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ ഡി ആര്‍) എന്ന സംഘടന നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി സ്വയം സാക്ഷ്യപ്പെടുത്തി നല്‍കിയ വിവരങ്ങളില്‍ നിന്നാണ് എ ഡി ആര്‍ വിവരം ശേഖരിച്ചത്.

1,351 പേരുടെ വിവരങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് 1,343 പേരും ക്രിമിനല്‍ നടപടി കേസുകള്‍ നേരിട്ടവരാണ്. 2009ലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 1,186 പേരില്‍ 109 പേരും ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരാണ്. അതേസമയം മൊത്തം സ്ഥാനാര്‍ഥികളില്‍ 70 പേര്‍ (അഞ്ച് ശതമാനം) കൊലപാതകം, വധശ്രമം, വര്‍ഗീയ കലാപം, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തുടങ്ങിയ ക്രമിനല്‍ കേസുകളില്‍ ഏര്‍പ്പെട്ടവരാണന്നാണ് പഠനം പറയുന്നത്. ക്രിമിനല്‍ സ്ഥാനാര്‍ഥികളുടെ എണ്ണത്തില്‍ 2009ലെ തിരഞ്ഞെടുപ്പിനെക്കാള്‍ ഏകദേശം 7 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 94 പേരുടെ കേസുകള്‍ കോടതിയിലാണ്. അതേസമയം 49 പേര്‍ക്കെതിരെ കോടതി കുറ്റം ചുമത്തിയിട്ടുണ്ട്.

പതിന്നൊന്ന് സ്ഥാനാര്‍ഥികളുടെ കേസ് കൊലപാതകവുമായി ബന്ധപ്പെട്ടതും ഏഴെണ്ണം സ്ത്രീകളുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുമാണ.് ഇതില്‍ അഞ്ച് പേര്‍ കുടുബ കലഹവുമായി ബന്ധപ്പെട്ട ഐ പി സി സെക്ഷന്‍ 498 എ കേസിലാണ് ശിക്ഷിക്കപ്പെട്ടത്. ബി ജെ പിയില്‍ നിന്ന് മത്സരിക്കുന്ന 90 പേരില്‍ ആറ് പേരും കോണ്‍ഗ്രസില്‍ നിന്നുള്ള നാല് പേരും ഹരിയാന ജന്‍ഹിത് കോണ്‍ഗ്രസിലെ എട്ട് പേരും ഐ എന്‍ എല്‍ ഡിയുടെ ആറ് പേരും ഹരിയാന ലോക്ഹിത് പാര്‍ട്ടിയുടെ മൂന്ന് പേരും 597 സ്വതന്ത്ര സ്ഥാനാര്‍ഥികളില്‍ 75 പേരും ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ്.

Top