തൃശൂര്‍: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഹനീഫയുടെ മരണത്തെ കുറിച്ച് പൊലീസ് നടത്തുന്ന അന്വേഷണം നിഷ്പക്ഷമല്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
പ്രതികള്‍ പൊലീസിന്റെ തണലിലാണ്. അതുകൊണ്ടാണ് കൊലപാതകം കഴിഞ്ഞിട്ടും ഇവര്‍ നാട് വിടാഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ ഹനീഫയുടെ വീട് സന്ദര്‍ശിച്ച ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികളെ അറസ്റ്റ് ചെയ്യില്ല എന്ന് പൊലീസ് ഉറപ്പു കൊടുത്തിട്ടുണ്ട്. നാട്ടുകാരാണ് പ്രതികളെ പിടികൂടി നല്‍കിയത്. അതിനാല്‍ സംഭവത്തില്‍ ഐ.ജി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
ഹനീഫയുടെ കൊലപാതകം കഴിഞ്ഞിട്ട് പത്ത് ദിവസം കഴിഞ്ഞു. പ്രതികള്‍ക്ക് അനുകൂലമായ സമീപനമാണ് പൊലീസ് സ്വീകരിക്കുന്നത്. കൊലപാതക കേസില്‍ അറസ്റ്റിലായി ദിവസങ്ങള്‍ക്കുള്ളില്‍ കൊലപാതക കേസ് പ്രതിക്ക് ജാമ്യം കിട്ടുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. അന്വേഷണം നീതിപൂവര്‍മല്ല എന്നതിനുള്ള തെളിവാണിത്. വൃദ്ധമാതാവിന്റെ മുന്നിലിട്ടാണ് ഹനീഫയെ വെട്ടികൊലപെടുത്തിയത്. ഹനീഫയ്ക്ക് നേരെ മുന്‍പും ഭീഷണിയുണ്ടെന്നാണ് ഉമ്മ പറയുന്നത്. ഉമ്മയുടെ മൊഴി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രേഖപെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.


