സൗദി ഷിയാ മോസ്‌ക്ക് ചാവേര്‍ ആക്രമണം: ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു

സൗദി: സൗദി അറേബ്യയില്‍ ന്യൂനപക്ഷ ഷിയാ മോസ്‌കില്‍ 21 പേരുടെ ജീവനെടുത്ത സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.ഐഎസ്സിന്റെ സൗദിയിലെ ആദ്യ ആക്രമണമാണിത്. സ്‌ഫോടനം നടത്തിയ ചാവേറിന്റെ ചിത്രവും ഐഎസ് പരസ്യപ്പെടുത്തി.

മധ്യപൂര്‍വദേശത്ത് ഏറ്റവും ശക്തമായ സുരക്ഷാസംവിധാനങ്ങളുള്ള സൗദി അറേബ്യയിലും ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ കടന്നുകയറിയത് മേഖലയെ ആകെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. സൗദിയിലെ ഷിയാ മുസ്‌ളീങ്ങളായിരുന്നു ലക്ഷ്യം.

ഷിയാ ഭൂരിപക്ഷമേഖലയായ കിഴക്കന്‍ പ്രവിശ്യയിലെ കതീഫ് ഇമാം അലി മോസ്‌കിലാണ് വെള്ളിയാഴ്ച ഉച്ചനമസ്‌കാരത്തിനിടെ ബെല്‍റ്റ് ബോംബുമായി കടന്നുകയറിയ ചാവേര്‍ പൊട്ടിത്തെറിച്ചത്. ഖലിഫേറ്റിന്റെ പോരാളികളാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമാക്കിയ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം നടത്തിയ ഭീകരന്റെ ചിത്രവും പ്രസിദ്ധപ്പെടുത്തി. സൗദിയിലെ ഷിയകളെകാത്തിരിക്കുന്നത് കൂടുതല്‍ കറുത്ത ദിനങ്ങളാണെന്ന ഭീഷണിയുമുണ്ട്. ആക്രമണത്തെ യു.എന്‍.അപലപിച്ചു

ഷിയാകള്‍ക്ക് എതിരേ സോഷ്യല്‍ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന് ഖാത്തിബ് പ്രവിശ്യക്കാരിയായ നസീമാ അസാദ പറഞ്ഞു. ഇറാക്കിലും സിറിയയിലും നടക്കുന്ന അതിക്രമങ്ങള്‍ ഇവിടെ നടക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. ദേശീയ ഐക്യം തകര്‍ക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും മോസ്‌കില്‍ ഭീകരാക്രമണം നടത്തിയതിനു പിന്നിലുള്ളവരെ പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും ആഭ്യന്തരമന്ത്രാലയ വക്താവ് അറിയിച്ചു.

Top