സ്വര്‍ണത്തിളക്കത്തില്‍ ഇന്ത്യ, വെങ്കലപ്പൊലിമയില്‍ കേരളം

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ രണ്ടു സ്വര്‍ണം കൂടി നേടിയിട്ടും ഇന്ത്യ ഇന്നലെ മെഡല്‍ പട്ടികയില്‍ ഒരു പടി താഴേക്കു പോയി. ടെന്നിസിലെ മിക്‌സഡ് ഡബിള്‍സ് ഇനത്തിലും വനിതകളുടെ ഡിസ്‌കസ് ത്രോയിലുമാണ് സുവര്‍ണ നേട്ടങ്ങള്‍. സാനിയ മിര്‍സ- സാകേത് മെയ്‌നേനി സഖ്യം ടെന്നിസിലെ അഞ്ചാം മെഡല്‍ നേട്ടത്തിന് സ്വര്‍ണത്തിളക്കമേകി. ഡിസ്‌കസ് ത്രോയില്‍ സീമ ആന്റില്‍ പുനിയ 61.03 മീറ്റര്‍ ഡിസ്‌ക് പായിച്ച് സ്വര്‍ണമണിഞ്ഞു.

കേരള അത്‌ലറ്റിക്‌സിന്റെ മാനം കാത്ത പ്രകടനത്തിലൂടെ ഒ.പി. ജയ്ഷ 1500 മീറ്ററില്‍ വെങ്കലം നേടി. 4:13.46 സെക്കന്‍ഡില്‍ ഫിനിഷ്. 4:17.12 സെക്കന്‍ഡില്‍ ഓടിയെത്തിയ മറ്റൊരു മലയാളി താരം സിനി മാര്‍ക്കോസ് അഞ്ചാമതായി.

പുരുഷന്‍മാരുടെ 400 മീറ്റര്‍ റിലേ ടീം ഫൈനലില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. മലയാളി താരങ്ങളായ ജോസഫ് ജി. എബ്രഹാം, പി. കുഞ്ഞിമുഹമ്മദ്, ജിതിന്‍ പോള്‍ എന്നിവര്‍ അംഗങ്ങളാണ് റിലേ ടീമില്‍.

Top