സ്വര്‍ണ നിക്ഷേപകര്‍ക്കായി സര്‍ക്കാര്‍ പുതിയ പദ്ധതി തയ്യാറാക്കുന്നു. ഇനി മുതല്‍ സ്വര്‍ണം വാങ്ങുന്നതിനു പകരം സ്വര്‍ണ വിലയുടെ അടിസ്ഥാനത്തിലുള്ള കടപ്പത്രങ്ങള്‍ വാങ്ങാന്‍ ഉപയോക്താക്കള്‍ക്കു അവസരമൊരുക്കിക്കൊണ്ടുള്ള പദ്ധതിയാണ് ആലോചിക്കുന്നത്. 2 ഗ്രാം, 5 ഗ്രാം, 10 ഗ്രാം എന്നിങ്ങനെ വിവിധ തൂക്കത്തിലുള്ള സ്വര്‍ണത്തിന്റെ വില ആയിട്ടായിരിക്കും നിക്ഷേപം. 5-7 വര്‍ഷം കാലാവധിയാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
കടപ്പത്രത്തിന് രണ്ട്-മൂന്ന് ശതമാനം പലിശ നിരക്ക് സര്‍ക്കാര്‍ നല്‍കുമെന്നാണ് കരടു രേഖയിലുള്ളത്. ആദ്യ വര്‍ഷം 50 ടണ്‍ സ്വര്‍ണത്തിനു തുല്യമായ കടപ്പത്രങ്ങള്‍ പുറപ്പെടുവിച്ച് 13500 കോടി രൂപ നിക്ഷേപം സമാഹരിക്കാനാകുമെന്നാണ് കണക്കാക്കുന്നത്.
കടപ്പത്ര നിക്ഷേപത്തിന് സ്വര്‍ണനാണയങ്ങള്‍ക്കും ബാറുകള്‍ക്കുമെന്നതു പോലെ മൂലധനവര്‍ധന നികുതി ബാധകമാകുമെന്നാണ് കരടില്‍ പറയുന്നത്. തപാല്‍ ഓഫിസുകള്‍ വഴിയും ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും വഴിയും കിസാന്‍ വികാസ് പത്രയുടെയും മറ്റും മാതൃകയില്‍ ഏജന്റുമാര്‍ വഴിയുമായിരിക്കും കടപ്പത്രം വിതരണം ചെയ്യുക. ഇന്ത്യയില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമാകും കടപ്പത്രം വാങ്ങാന്‍ അവസരം. ഒരാള്‍ക്ക് 500 ഗ്രാം എന്ന നിക്ഷേപ പരിധിയുമുണ്ടാകും.


