ന്യൂഡല്‍ഹി: രാജ്യത്തെ മാലിന്യ മുക്തമാക്കാന്‍ ലക്ഷ്യമിട്ടുള്ള നരേന്ദ്രമോഡി സര്‍ക്കാരിന്റെ സ്വച്ഛ ഭാരത് പദ്ധതിക്ക് നിയമ സാധുത നല്‍കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.
പദ്ധതിയുടെ കാര്യക്ഷമമായ നിര്‍വഹണം മുന്നില്‍ കണ്ടാണ് നടപടി. പൊതുസ്ഥലങ്ങള്‍ വ്യത്തിഹീനമാക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കഴിയുംവിധം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് പുതിയ നീക്കം.
കടുത്ത ശിക്ഷയും, പിഴയും ഉറപ്പാക്കുന്ന നിലയില്‍ നിയമം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ പൊതുയിടങ്ങളില്‍ തുപ്പുന്നതും, മല-മൂത്ര വിസര്‍ജ്ജനം നടത്തുന്നതും രാജ്യത്ത് പതിവു കാഴ്ചയാണ്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സ്വപ്നപദ്ധതിയായ സ്വച്ഛ ഭാരത പദ്ധതിയുടെ ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്യപ്പെടാം. ഇത് മുന്നില്‍ കണ്ടാണ് കേന്ദ്രനിയമ മന്ത്രാലയത്തിന്റെ നടപടി.
സംസ്ഥാനങ്ങള്‍ക്ക് നിയമനിര്‍മ്മാണം നടത്താന്‍ കഴിയും വിധം മാതൃകാബില്ലിന് രൂപം നല്‍കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ഭരണഘടന അനുസരിച്ച് ആരോഗ്യപരിപാലനം ഉള്‍പ്പെടെയുളളവ സംസ്ഥാന വിഷയമാണ്. അതേസമയം ശുചിത്വം സംസ്ഥാന പരിധിയ്ക്ക് അപ്പുറമാണ്. അതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് നിയമനിര്‍മ്മാണം നടത്താന്‍ സഹായകരമായ നിലയില്‍ മാതൃകാ നിയമത്തിന് രൂപം നല്‍കാനാണ് ഒരുങ്ങുന്നതെന്ന് അധികൃതര്‍ അറിയിച്ചു.


