നിലവിലെ സ്മാര്‍ട് ഫോണുകള്‍ക്കൊക്കെ ഒരു എതിരാളി എത്തുന്നു. ‘ലൈറ്റ് ഫോണ്‍’. ഇതുണ്ടെങ്കില്‍ സ്മാര്‍ട് ഫോണ്‍ തത്കാലം വീട്ടില്‍വച്ചിട്ട് പോകാം. ക്രെഡിറ്റ് കാര്‍ഡ് സൈസുള്ള വളരെ കനം കുറഞ്ഞ ഈ ഫോണ്‍ മെസേജ് അയയ്ക്കാനും കോള്‍ ചെയ്യാനും മാത്രമേ കഴിയുകയുള്ളൂ.
ഫോണില്‍നിന്ന് അകലെ ഒരു ഫോണ്‍ എന്നാണ് കമ്പനി ഇതിനെ വിശേഷിപ്പിക്കുന്നത്. ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ 20 ദിവസംവരെ ചാര്‍ജ്ജ് നില്‍ക്കുന്നതാണ് ഈ ഫോണ്‍. നിലവിലെ സ്മാര്‍ട് ഫോണിലെ മൊബൈല്‍ ആപ്‌ളിക്കേഷനുമായി ബന്ധിപ്പിച്ച് കോള്‍ ഫോര്‍വേഡിംഗ് ഉപയോഗിക്കുകയോ സിം ഇട്ട് ഉപയോഗിക്കുകയോ ചെയ്യാം.
വീട്ടില്‍നിന്ന് അകലെ നില്‍ക്കുന്ന കുട്ടികള്‍ക്ക് സുരക്ഷിതമായി നല്‍കുകയും ചെയ്യാന്‍ കഴിയുന്നതാണിതെന്ന് കമ്പനി പറയുന്നു. ഡോട്ട് മാട്രിക്‌സ് എല്‍ഇഡിയാണ് സ്‌ക്രീന്‍. 38.5 ഗ്രാം മാത്രമാണ് ഭാരം. സ്റ്റോറേജ് വെറും പത്ത് സ്പീഡ് ഡയല്‍വരെ. 20 ദിവസത്തെ സ്റ്റാന്‍ഡ്‌ബൈ ബാറ്ററി.
സ്റ്റാര്‍ട്ടപ്പുകളുടെയെല്ലാം തുടക്കമായ കിക്ക്സ്റ്റാര്‍ട്ടറിലൂടെ ക്രൗഡ് ഫണ്ടിംഗിലൂടെയാണ് ലൈറ്റ് ഫോണ്‍ വിപണിയിലെത്താനൊരുങ്ങുന്നത്.


