സ്മാര്‍ട്ട് വാച്ചുമായി എച്ച്.പിയും

ആഡംബര സ്മാര്‍ട്ട് വാച്ചുമായി പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ രംഗത്തെ വമ്പനായ എച്ച്.പി (ഹ്യൂലറ്റ് പക്കാര്‍ഡ്) വരുന്നു. മറ്റ് സ്മാര്‍ട്ട് വാച്ചുകളെപ്പോലെയുള്ള ടച്ച്‌സ്‌ക്രീനില്ല. ബ്‌ളൂടൂത്ത് വഴി ഐഫോണ്‍ ഫോര്‍എസ് മുതലും ആന്‍ഡ്രോയിഡ് 4.3 ജെല്ലിബീന്‍ മുതലും ഉള്ള ഉപകരണങ്ങളുമായി ബന്ധപ്പെട്ട് ഈ വാച്ച് പ്രവര്‍ത്തിക്കും.

മൂന്ന് നാവിഗേഷന്‍ ബട്ടണുകള്‍, കാലാവസ്ഥ, ഓഹരി നിലവാരം, സ്‌പോര്‍ട്‌സ് സ്‌കോറുകള്‍, മൊബൈല്‍ നോട്ടിഫിക്കേഷനുകള്‍ എന്നിവ അറിയാനുള്ള പത്ത് പ്രത്യേക മെനു എന്നിവയുണ്ട്. ഫോണിലുള്ള പാട്ടുകള്‍ ഈ വാച്ചുവഴി പ്‌ളേ ചെയ്യാനും കഴിയും. എസ്.എം.എസുകള്‍, ഇമെയിലുകള്‍, ആപ് നോട്ടിഫിക്കേഷനുകള്‍ എന്നിവ വരുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് വൈബ്രേഷന്‍ വഴി മുന്നറിയിപ്പ് നല്‍കും.

അനലോഗ് ഫോര്‍മാറ്റിലും മോണോക്രോം എല്‍സിഡി ഡിസ്പ്‌ളേയിലും സമയം കാട്ടിത്തരും. നവംബര്‍ ഏഴുമുതല്‍ സില്‍വര്‍ പ്‌ളേറ്റഡ് മോഡല്‍ 349 ഡോളറിനും (ഏകദേശം 21,000 രൂപ), കറുപ്പും സഫയര്‍ ഗ്‌ളാസും അലിഗേറ്റര്‍ സ്ട്രാപ്പും ഒരുമിക്കുന്ന ലിമിറ്റഡ് എഡിഷന്‍ മോഡല്‍ മുന്നൂറ് എണ്ണം 649 ഡോളറിനും (ഏകദേശം 39,000 രൂപ) Gilt.com എന്ന വെബ്‌സൈറ്റ് വഴി കിട്ടും.

ബാറ്ററി ഏഴുദിവസം നില്‍ക്കുമെന്ന് കമ്പനി പറയുന്നു. ബ്രൗണ്‍, ബ്‌ളാക്ക് ലതര്‍, ഒലിവ് ഗ്രീന്‍ നൈലോണ്‍ എന്നിങ്ങനെ മൂന്നുതരം സ്ട്രാപ്പുകള്‍ കിട്ടും. എല്ലാം ടൈം സോണുകളുമായി സ്വയം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇത് വെള്ളത്തെ പ്രതിരോധിക്കും.

Top