സ്പാനിഷ് ലീഗ്: ബാഴ്‌സലോണയ്ക്കും റയല്‍ മാഡ്രിഡിനും തകര്‍പ്പന്‍ ജയം

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്ക്കും റയല്‍ മാഡ്രിഡിനും തകര്‍പ്പന്‍ ജയം. ബാഴ്‌സ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് എയ്ബറിനെ തോല്‍പിച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോള്‍ മികവില്‍ റയല്‍, ലെവന്റയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.

സാവി, മെസ്സി, നെയ്മര്‍ എന്നിവരാണ് ബാഴ്‌സയ്ക്ക് വേണ്ടി സ്‌കോര്‍ ചെയ്തത്. സാവിയുടെ ഗോളിന് വഴിയൊരുക്കിയ മെസ്സി എഴുപത്തി നാലാം മിനിറ്റില്‍ എതിര്‍ ഗോള്‍വല ചലിപ്പിച്ചു. സ്പാനിഷ് ലാലിഗയിലെ എക്കാലത്തെയും ഗോള്‍ വേട്ടക്കാരില്‍ ഒന്നാമനാകാന്‍ മെസ്സിക്ക് ഇനി ഒരു ഗോള്‍ കൂടി മതി. മികച്ചൊരു വോളിയിലൂടെയായിരുന്നു നെയ്മറിന്റെ ഗോള്‍.

ഫോമില്‍ തുടരുന്ന ക്രിസ്റ്റിയാനോ സീസണിലെ ഗോള്‍ നേട്ടം 15 ആക്കി ഉയര്‍ത്തി. പതിമൂന്നാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച റോണോ അറുപത്തിയൊന്നാം മിനിറ്റില്‍ ഇസ്‌കോയുടെ പാസില്‍ നിന്ന് വീണ്ടും സ്‌കോര്‍ ചെയ്തു. ഹെര്‍ണാണ്ടസ്, റോഡ്രിഗസ്, ഇസ്‌കോ എന്നിവരാണ് റയലിന്റെ മറ്റ് ഗോള്‍വേട്ടക്കാര്‍.

ജയത്തോടെ വലന്‍സിയയെ പിന്തള്ളി റയല്‍മാഡ്രിഡ് പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തി. 22 പോയിന്റുള്ള ബാഴ്‌സയാണ് ലീഗില്‍ ഒന്നാമത്.

Top