സോളാര്‍ കേസ് പ്രതിയുടെ കുടുംബത്തിന് മുഖ്യമന്ത്രി സഹായം വാഗ്ദാനം ചെയ്യുന്ന സംഭാഷണം പുറത്ത്

കൊച്ചി: സോളാര്‍ കേസ് പ്രതിയുടെ കുടുംബത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഹായ വാഗ്ദാനം നല്‍കുന്ന ടെലിഫോണ്‍ സംഭാഷണം പുറത്ത്. പ്രതി മണിലാലിന്റെ സഹോദരന്‍ റിജേഷുമായാണ് ഉമ്മന്‍ചാണ്ടിയുമായി ടെലിഫോണില്‍ സംസാരിച്ചത്. ഇരുവരും തമ്മിലുള്ള സംഭാഷണങ്ങള്‍ മീഡിയ വണ്‍ ചാനലാണ് പുറത്ത് വിട്ടത്. മണിലാലിന്റെ ബന്ധുക്കള്‍ക്കാണ് മുഖ്യമന്ത്രി സഹായവാഗ്ദാനങ്ങള്‍ നല്‍കിയത്. സഹായങ്ങള്‍ക്ക് പിഎ മാധവന്‍ എംഎല്‍എയുമായി ബന്ധപ്പെട്ടാല്‍ മതിയെന്ന് മുഖ്യമന്ത്രി പറയുന്നു. മാധവനോട് പറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഫോണില്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം മാധവന്‍ പണം നല്‍കിയെന്നും മണിലാലിന്റെ ബന്ധുക്കള്‍ അവകാശപ്പെട്ടതായി മീഡിയാ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എട്ട് തവണയാണ് മണിലാലിന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയും നേരിട്ടും അദ്ദേഹവുമായി ബന്ധപ്പെട്ടത്.

സരിതക്കും മറ്റും വ്യാജ ഡ്രൈവിംഗ് ലൈസന്‍സ് ഉള്‍പ്പെടെ സംഘടിപ്പിച്ച് നല്‍കിയത് മണിലാലാണ്. ഈ രേഖകള്‍ ഉപയോഗിച്ചാണ് ടീം സോളാര്‍ റജിസ്റ്റര്‍ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മണിലാല്‍ അറസ്റ്റിലാകുന്നത്. സരിതക്കും ബിജു രാധാകൃഷ്ണനുമെതിരെ റജിസ്റ്റര്‍ ചെയ്ത പല കേസുകളും പിന്നീട് മണിലാലിന്റെ പേരിലും റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പ്രതികള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം ആസൂത്രണം ചെയ്യുന്നത് പിഎ മാധവന്‍ എംഎല്‍എയാണെന്ന് ബിജു രാധാകൃഷ്ണന്‍ നേരത്തെ ആരോപിച്ചിരുന്നു.

അതേസമയം, തെളിവുണ്ടെങ്കില്‍ പുറത്തു വിടാന്‍ റിജേഷിനെ സരിത വെല്ലുവിളിച്ചിട്ടുണ്ട്. തലവെട്ടുമെന്നും സരിത ടെലിഫോണ്‍ സംഭാഷണത്തിലൂടെ റിജേഷിനെ ഭീഷണിപ്പെടുത്തി.

Top