സെന്‍കുമാര്‍ സംസ്ഥാന പൊലീസ് മേധാവി ആകാതിരിക്കാന്‍ ഉദ്യോഗസ്ഥ ഗൂഢാലോചന

തിരുവനന്തപുരം: പുതിയ സംസ്ഥാന പൊലീസ് മേധാവിയായി ജയില്‍ ഡിജിപി ടി.പി സെന്‍കുമാര്‍ നിയമിതനാകുമെന്ന് ഉറപ്പായിരിക്കെ അട്ടിമറിക്ക് അഴിമതി-ദുര്‍മാര്‍ഗ്ഗ ലോബികള്‍ ശ്രമം തുടങ്ങി.

പൊലീസിന് ചീത്തപ്പേരുണ്ടാക്കിയ ഗുരുതര ആരോപണങ്ങളില്‍ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥരാണ് കര്‍ക്കശ്ശക്കാരനായ സെന്‍കുമാറിന്റെ സ്ഥാനാരോഹണം തടയാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിട്ടുള്ളത്.

സരിത വിവാദത്തില്‍ കുരുങ്ങിയ ഉന്നത ഉദ്യോഗസ്ഥനും നിയമവിരുദ്ധ പ്രവര്‍ത്തിക്ക് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഡിഐജിയുമാണ് സെന്‍കുമാറിന്റെ വഴിമുടക്കാന്‍ രഹസ്യമായി കരുക്കള്‍ നീക്കുന്നത്. ക്രിമിനല്‍ വിജിലന്‍സ് കേസില്‍ പ്രതിയായ ഈ ഡിഐജിയെ ഐ.ജിയായി പ്രമോട്ട്‌ചെയ്തത് നിയമവിരുദ്ധമായാണെന്ന പരാതിയും നിലവിലുണ്ട്.

ഈ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരും ഒരേ സമുദായത്തില്‍പ്പെട്ടവരാണ് എന്നതിനാല്‍ പ്രമുഖ സമുദായ നേതാവിനെയും ഭരണത്തിലെ ചില ‘ഉന്നതരെയും’കൂട്ടുപിടിച്ചാണ് രഹസ്യ നീക്കം.

ഡെപ്യൂട്ടേഷനില്‍ കേരളം വിട്ട ഡിജിപി മഹേഷ്‌കുമാര്‍ സിംഗ്ലയെ തിരികെ കൊണ്ടുവന്ന് പൊലീസ് മേധാവിയാക്കനാണ് ഇവരുടെ നേതൃത്വത്തില്‍ ബാഹ്യ ഇടപെടല്‍ നടക്കുന്നത്.

സിംഗ്ലയോടുള്ള സ്‌നേഹം കൊണ്ടല്ല, മറിച്ച് തങ്ങള്‍ക്കെതിരായി നിലവില്‍ നടക്കുന്ന അന്വേഷണങ്ങളില്‍ സെന്‍കുമാര്‍ ഡിജിപിയായാല്‍ കര്‍ക്കശ നടപടിയുണ്ടാകുമെന്ന ഭീതിയാണ് ഈ ഉദ്യോഗസ്ഥരുടെ നീക്കങ്ങള്‍ക്ക് പിന്നില്‍. സര്‍വ്വീസില്‍ നിന്ന് റിട്ടയര്‍ ചെയ്ത ഡിജിപിയുടെ പിന്‍തുണയും ഈ നീക്കങ്ങള്‍ക്ക് പിന്നിലുണ്ട്.

ബിഎസ്എഫ് അഡീഷണല്‍ ഡയറക്ടറായി ചണ്ഡീഗഡില്‍ സേവനമനുഷ്ടിക്കുന്ന മഹേഷ്‌കുമാര്‍ സിംഗ്ലക്ക് 2017 ഏപ്രില്‍ വരെയും സെന്‍കുമാറിന് 2017 ജൂലായ് വരെയുമാണ് സേവന കാലാവധി.

സെന്‍കുമാറിനേക്കാള്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ സീനിയറായ സിംഗ്ല തിരിച്ചെത്തിയാല്‍ ക്രമസമാധാന ചുമതലയുള്ള ഡിജിപി പദം നല്‍കേണ്ടി വരുമെന്നതിനാലാണ് സമ്മര്‍ദ്ദ തന്ത്രം ഇപ്പോള്‍ ശക്തിപ്പെടുത്തിയിട്ടുള്ളത്.

വിവാദ നായകരായ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് പുറമെ പൊലീസിലെ അഴിമതി ദുര്‍മാര്‍ഗ്ഗ ലോബിയും കൂട്ടുചേര്‍ന്നാണ് ഇപ്പോഴത്തെ നീക്കം.

അടുത്തയിടെ സംസ്ഥാനത്ത് തിരിച്ചെത്തിയ മഹേഷ്‌കുമാര്‍ സിംഗ്ല, തന്നെ സംസ്ഥാന സര്‍വ്വീസിലേക്ക് തിരിച്ച് വിളിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്ത് നല്‍കിയത് സമ്മര്‍ദ്ദ ഫലമായാണെന്നാണ് പൊലീസിലെ തന്നെ വലിയ വിഭാഗം ഉറച്ച് വിശ്വസിക്കുന്നത്.

പാമോയില്‍ കേസില്‍ പ്രതിയായ ചീഫ് സെക്രട്ടറിക്കും സെന്‍കുമാറിനെക്കാള്‍ താല്‍പര്യം സിംഗ്ലയോടാണെന്നും അണിയറയില്‍ സംസാരമുണ്ട്.

അതേസമയം കുറ്റാന്വേഷണ രംഗത്തെ പുത്തന്‍ കാല്‍വയ്പിനും പൊലീസിലെ അഴിമതിക്ക് വിരാമമിടാനും സെന്‍കുമാര്‍ പൊലീസ് മേധാവിയാകണമെന്ന അഭിപ്രായമാണ് ഐപിഎസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ള ബഹുഭൂരിപക്ഷത്തിനുമുള്ളത്.

സര്‍ക്കാരിന് മാത്രമല്ല പ്രതിപക്ഷത്തിന് പോലും സെന്‍കുമാറിന്റെ കഴിവുകളില്‍ മറിച്ചൊരഭിപ്രായം ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം.

മെയ് 31നാണ് നിലവിലെ ഡിജിപി കെ.എസ് ബാലസുബ്രഹ്മണ്യം വിരമിക്കുന്നത്. അന്ന് തന്നെ പുതിയ ഡിജിപിയും ചുമതലയേല്‍ക്കും. ബാലസുബ്രഹ്മണ്യത്തെ കൂടാതെ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ്, വിജിലന്‍സ് എഡിജിപി വിജയാനന്ദ് എന്നിവരും മെയ് 31ന് വിരമിക്കും.

ഈ ഒഴിവില്‍ വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ജേക്കബ് തോമസ്, എഡിജിപി ലോക്‌നാഥ് ബഹ്‌റ എന്നിവര്‍ക്ക് ഡിജിപി തസ്തിക ലഭിക്കും. സിംഗ്ല മടങ്ങി വരികയാണെങ്കില്‍ ലോക്‌നാഥ് ബഹ്‌റയുടെ ഉദ്യോഗക്കയറ്റത്തെയും അത് ബാധിക്കും.

എന്നാല്‍ സര്‍ക്കാര്‍ തിരിച്ച് വിളിക്കുകയാണെങ്കില്‍ മടങ്ങിവരാമെന്ന സിംഗ്ലയുടെ നിലപാട് അംഗീകരിക്കേണ്ടെന്ന നിലപാടാണ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കുള്ളതെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന സൂചന.

സംസ്ഥാന പൊലീസ് മേധാവിയുടെ നിയമനത്തില്‍ ഏതെങ്കിലും ബാഹ്യ ശക്തികള്‍ക്ക് വഴങ്ങി തീരുമാനമെടുത്തുവെന്ന ആരോപണത്തിന് ഇടനല്‍കാതെ സേനക്ക് ഗുണകരമായ തീരുമാനം എടുക്കണമെന്ന നിലപാടാണ് മുസ്ലീംലീഗ്, കേരള കോണ്‍ഗ്രസ്, എസ്‌ജെഡി, ആര്‍എസ്പി എന്നീ ഘടകകക്ഷികള്‍ക്കുമുള്ളത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ പിന്‍തുണയ്ക്കുമെന്ന നിലപാടിലാണവര്‍. പൊതു വികാരത്തിന്റെ കൂടെ നില്‍ക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍ ആഭ്യന്തര മന്ത്രിക്കുമുള്ളത്.

പ്രതിസന്ധികള്‍ മറികടന്ന് സെന്‍കുമാര്‍ തന്നെ സംസ്ഥാനത്തെ പൊലീസിനെ നയിക്കുമെന്ന പ്രതീക്ഷയില്‍ പൊലീസ് സേനയും സര്‍ക്കാര്‍ തീരുമാനത്തിനായി കാത്തിരിക്കുകയാണ്.

Top