‘സൂപ്പര്‍ നാനി’ യായി രേഖ തിരിച്ചെത്തുന്നു

ബോളിവുഡിന്റെ നിത്യസ്വപ്നസുന്ദരി നീണ്ട ഇടവേളയ്ക്ക് ശേഷം രേഖ അഭ്രപാളിയില്‍ തിരിച്ചെത്തുന്നു. ദില്‍, ബേട്ട, ഇഷ്‌ക്, മന്‍, ധമാല്‍ സീക്വല്‍ എന്നീ ചിത്രങ്ങളൊരുക്കിയ ഹിറ്റ് സംവിധായകന്‍ ഇന്ദ്ര കുമാറിന്റെ സൂപ്പര്‍ നാനി എന്ന ചിത്രത്തിലാണു രേഖ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സ്ത്രീ ശാക്തീകരണം മുഖ്യപ്രമേയമാക്കിയൊരുക്കുന്ന ചിത്രത്തില്‍ മുത്തശ്ശിയായാണ് രേഖ എത്തുന്നത്. അമ്പത്തെട്ടാം വയസിലും തന്നെ വെല്ലാന്‍ മറ്റൊരു നായിക ഇല്ലെന്ന് തെളിയിക്കുകയാണ് പുതിയ ചിത്രമായ സൂപ്പര്‍ നാനിയുടെ ട്രെയിലറിലൂടെ.  മക്കളാലും ഭര്‍ത്താവിനാലും കുടുംബത്തില്‍ തഴയപ്പെടുന്ന മുത്തശ്ശി പിന്നീട് ഒരു സൂപ്പര്‍താരമായി മാറുന്നതാണ് പ്രമേയം.

ജീവിതത്തില്‍ എന്തെങ്കിലും പുതുമയുള്ളതും അര്‍ത്ഥവത്തുമായ കാര്യം ചെയ്യാന്‍ തന്റെ മുത്തശ്ശിയെ പ്രേരിപ്പിക്കുന്ന പേരക്കുട്ടിയായി ശര്‍മാന്‍ ജോഷിയെത്തുന്നത്. രണ്‍ധീര്‍ കപൂര്‍ ആണ് രേഖയുടെ ഭര്‍ത്താവായി അഭിനയിക്കുന്നത്.

മാരുതി ഇന്റെര്‍നാഷണലിന്റെ  ബാനറില്‍ അശോക് താക്കറിയ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അനുപം ഖേറും സൂപ്പര്‍ നാനിയിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇതിനു മുന്‍പ് ഷാരൂഖ് ഖാനെ നായകനാക്കി ഫറാ ഖാന്‍ സംവിധാനം ചെയ്ത ‘ഓം ശാന്തി ഓം’ എന്ന ചിത്രത്തിലെ ഒരു നൃത്തരംഗത്ത് രേഖ പ്രത്യക്ഷപ്പെട്ടിരുന്നു.

Top