സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്ത്

ന്യൂഡല്‍ഹി: ശശി തരൂര്‍ എം.പിയുടെ ഭാര്യ സുന്ദപുഷ്‌കറിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്ത്. വിഷം ഉള്ളില്‍ ചെന്നതാണ് സുനന്ദയുടെ മരണത്തിന് കാരണമെന്ന് ആന്തരികാവയവങ്ങളുടെ പരിശോധന ഫലത്തില്‍ സൂചിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് ബന്ധുക്കള്‍ രംഗത്ത് വന്നത്. സുനന്ദയുടേത് സ്വാഭാവിക മരണമല്ലെന്ന് ഞങ്ങള്‍ക്ക് അറിയാം. അത് ആസൂത്രിതമായ കൊലപാതകമാണ്. സുനന്ദയ്ക്ക് സുഖമില്ലാതിരുന്നപ്പോഴും ശശി തരൂര്‍ യോഗത്തിന് പോയതും ഹോട്ടലിലെ ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായിരുന്നതും സംശയമുണര്‍ത്തുന്നതായി ബന്ധുവായ അശോക് കുമാര്‍ ഒരു വാര്‍ത്താ ചാനലിനോട് പറഞ്ഞു.

അതേസമയം സുനന്ദയുടെ ആന്തരികാവയവ പരിശോധനാ റിപ്പോര്‍ട്ട് എയിംസ് ആശുപത്രി അധികൃതര്‍ ഡല്‍ഹി പൊലീസിന് കൈമാറി. കുടല്‍ഭാഗ പരിശോധനയില്‍ വിഷാംശം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടിലുണ്ട്. പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. ഈ വര്‍ഷം ജനുവരി 17നാണ് സുനന്ദ പുഷ്‌കറിനെ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Top