തരൂരിന്റെയും മെഹറിന്റെയും മൊബൈല്‍- ഇ-മെയില്‍ വിശദാംശങ്ങള്‍ പരിശോധിക്കും

ന്യൂഡല്‍ഹി:സുനന്ദ പുഷ്‌കറിന്റെ മരണം കൊലപാതകമാണെന്ന് വ്യക്തമായതോടെ ശാസ്ത്രീയമായ പരിശോധനയ്ക്ക് തയ്യാറായി ഡല്‍ഹി പൊലീസ്. ശശി തരൂര്‍,പാക് പത്ര പ്രവര്‍ത്തക മെഹര്‍ തരാര്‍ എന്നിവരുടെ മൊബൈല്‍, ഇ-മെയില്‍ സന്ദേശങ്ങള്‍ വിശദമായി പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

സംഭവം നടന്ന സമയത്ത് എഐസിസി സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്ന തരൂരിന്റെ മുഖഭാവങ്ങളിലെ മാറ്റങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. തരൂരിന്റെ അറിവോടെയാണോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഇടപെടലിന്റെ ഭാഗമായാണോ സുനന്ദ മരിച്ചതെന്ന് വ്യക്തമാക്കാന്‍ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ കഴിയുമെന്ന വിശ്വാസത്തിലാണ് പൊലീസ്.

തരൂരിന്റെ മൊബൈല്‍ വിശദാംശങ്ങള്‍  പരിശോധിക്കാന്‍ ഒരു തടസവുമില്ലെങ്കിലും പാക് പത്രപ്രവര്‍ത്തക മെഹര്‍ തരാറിന്റെ ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ പാക് സഹായം ഡല്‍ഹി പൊലീസിന് അനിവര്യമാണ്. ഇന്ത്യയുമായുള്ള ബന്ധം വഷളായി നില്‍ക്കുന്ന സാഹചര്യത്തില്‍ പാക് മാധ്യമ പ്രവര്‍ത്തകയുടെ കാര്യത്തില്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് എന്ത് നിര്‍ദേശം വന്നാലും അത് പാക്കിസ്ഥാന്‍ തള്ളുമെന്ന കാര്യവും ഉറപ്പാണ്.

മെഹറിന്റെ മൊബൈല്‍ വിശദാംശങ്ങള്‍ കിട്ടിയില്ലെങ്കിലും ഇ-മെയില്‍ സന്ദേശവും മറ്റും കണ്ടെത്താന്‍ വലിയ പ്രയാസം ഡല്‍ഹി പൊലീസിനുണ്ടാവില്ലെന്നാണ് നിയമ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. സുനന്ദ കൊല്ലപ്പെടുന്നതിനു മുന്‍പും ശേഷവും തരൂരിന്റെ മൊബൈലിലേക്ക് വന്ന ഇന്‍കമിംഗ് കോളുകളും എസ്എംഎസും ഇക്കാര്യത്തില്‍ നിര്‍ണായകമാകും. നേരത്തെ സുനന്ദ പുഷ്‌കറിന്റെ മൊബൈല്‍,ട്വിറ്റര്‍ ഇ-മെയില്‍ സന്ദേശങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ചിരുന്നു.

സുനന്ദ കൊല്ലപ്പെടുന്നതിന് മുന്‍പും ശേഷവും തരൂരിന്റെ മൊബൈലില്‍ നിന്നും ഇ മെയിലില്‍ നിന്നും ട്വിറ്ററില്‍ നിന്നും പോയതും വന്നതുമായ സന്ദേശങ്ങളാണ് പ്രധാനമായും അന്വേഷണ സംഘം പരിശോധിക്കുന്നത്. സംഭവം നടന്ന ലീലാ ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ വീണ്ടും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കാനും ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിട്ടുണ്ട്.

ദുരൂഹ സാഹചര്യത്തില്‍ 2014 ജനുവരി 13 മുതല്‍ 18 വരെ ലീലാ ഹോട്ടലില്‍ താമസിച്ച മൂന്ന് അജ്ഞാതരാണ് ഇപ്പോള്‍ ഡല്‍ഹി പൊലീസിന്റെ ഉറക്കം കെടുത്തുന്നത്. 18ന് കൊലപാതകം നടക്കുന്നതുവരെ ഈ ഹോട്ടലില്‍ താമസിച്ച ഈ അജ്ഞാതര്‍ ഹോട്ടലില്‍ നല്‍കിയ പാസ്‌പോര്‍ട്ടിന്റെ കോപ്പികള്‍ വ്യാജമാണെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു.

മരണത്തിന് തൊട്ടുമുന്‍പ് വരെ ട്വിറ്ററില്‍ പാക് പത്ര പ്രവര്‍ത്തക മെഹര്‍ തരാറുമായി സുനന്ദ ഏറ്റുമുട്ടിയിരുന്നു. മെഹര്‍ പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ പ്രതിനിധിയാണെന്നും അവരാണ് അജ്ഞാത സംഘത്തെ  അയച്ചതെന്നും അഭ്യൂഹമുണ്ടായിരുന്നു. ഐപിഎല്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ പുറത്താകാതിരിക്കാന്‍ അധോലോകത്തെ ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന മറ്റൊരഭ്യൂഹവും ഇക്കാര്യത്തില്‍ നിലനില്‍ക്കുന്നുണ്ട്.

മരണത്തിന് തൊട്ടുമുന്‍പ് സുനന്ദ സംസാരിച്ച മാധ്യമ പ്രവര്‍ത്തകരായ നളിനി സിംഗ്, ബര്‍ക്കാ ദത്ത തുടങ്ങിയവരുടെ അടുത്ത് നിന്നും വിശദമായ മൊഴി രേഖപ്പെടുത്താനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

കൊലപാതകത്തിന് അന്താരാഷ്ട്ര ബന്ധം ശക്തമായത് അന്വേഷണം സിബിഐ,റോ തുടങ്ങിയ ഏജന്‍സികള്‍ക്ക് കൈമാറണമെന്ന ആവശ്യത്തിന് ശക്തിപകര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര വകുപ്പ്  എടുക്കുന്ന തീരുമാനം നിര്‍ണ്ണായകമാകും.

ശശി തരൂരിനെ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് ഡല്‍ഹി പൊലീസ്.

Top