പേരാമ്പ്ര: മലയാളത്തിലെ സൂപ്പര്‍ നായിക സീരിയല്‍ താരം ഗായത്രി അരുണ്‍ ആണെന്ന് ബോധ്യപ്പെടുത്തിയ ജനക്കൂട്ടത്തിന്റെ പ്രതികരണത്തില്‍ ഞെട്ടിയത് വെള്ളിത്തിരയിലെ സൂപ്പര്‍ നായികമാര്‍.
വെറും ഒരു സീരിയല്‍ നടി മാത്രമായ ഗായത്രി തന്റെ ജ്വല്ലറിയുടെ രണ്ടാം നിലയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് തട്ടിവിട്ട ജ്വല്ലറി ഉടമ സീരിയല്‍ താരത്തിന്റെ ആരാധകരുടെ പ്രതിഷേധത്തിന് മുന്നില്‍ പൊട്ടിക്കരയുകയായിരുന്നു.
കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലാണ് സനിമാ-സീരിയല്‍ ലോകത്തെ ഞെട്ടിച്ച ആരാധക പ്രവാഹമുണ്ടായത്.
ഏഷ്യാനെറ്റിലെ പരസ്പരം സീരിയലില്‍ ഐ.പി.എസ് ഓഫീസറായ ദീപ്തിയുടെ വേഷം ചെയ്യുന്ന ഗായത്രിയെ കാണാനാണ് ആയിരക്കണക്കിന് ജനങ്ങള്‍ പേരാമ്പ്ര ടൗണില്‍ തടിച്ച് കൂടി മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുത്തിയത്.
ടൗണിലെ ജ്വല്ലറിയുടെ രണ്ടാം നിലയുടെ ഉദ്ഘാടനത്തിന് നടി എത്തുമെന്ന് ജ്വല്ലറി ഉടമ നടത്തിയ പ്രചാരണത്തില്‍ വിശ്വസിച്ചാണ് ജനം തടിച്ച് കൂടിയത്.
സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമടക്കം വലിയ ഒരു ജനസഞ്ചയം തന്നെ ജ്വല്ലറിക്ക് മുന്നില്‍ തടിച്ചുകൂടിയതോടെ പരിഭ്രാന്തരായ ജ്വല്ലറി അധികൃതര്‍ നടി വരില്ലെന്ന് അറിയിച്ചതോടെ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു.
നാട്ടുകാര്‍ ജ്വല്ലറി കയ്യേറുമെന്ന ഘട്ടമെത്തിയതോടെ ഏറെ പരിശ്രമിച്ചും ലാത്തി വീശിയുമാണ് പൊലീസ് രംഗം ശാന്തമാക്കിത്.
നടിയെ ക്ഷണിക്കാതെ ജ്വല്ലറി ഉടമ കള്ളപ്രചാരണം നടത്തുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഇത്രയധികം ആരാധകര്‍ ഒരു സീരിയല്‍ നടിക്കുണ്ടെന്ന് ‘പാവം’ ജ്വല്ലറി ഉടമയും കരുതിയിരുന്നില്ലത്രെ.
സംഭവം വിവാദമായതോടെ സിനിമാ ലോകവും ഞെട്ടിയിരിക്കുകയാണിപ്പോള്‍. സിനിമാ താരങ്ങളെ കാണാന്‍ വരുന്ന ആരാധകരേക്കാള്‍ വലിയ ജനക്കൂട്ടം സീരിയല്‍ നടിയെ കാണാന്‍ വന്നത് എന്തുകൊണ്ടാണെന്നാണ് സൂപ്പര്‍ നായികമാര്‍ക്കിടയിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ച.
പരസ്പരം സീരിയലിലെ ഐ.പി.എസ് ഓഫീസറുടെ വേഷം ഗായത്രിക്ക് ജനങ്ങള്‍ക്കിടയില്‍ സൂപ്പര്‍ താരപദവിയാണ് നേടിക്കൊടുത്തിരിക്കുന്നത്. മറ്റൊരു സീരിയല്‍ തരത്തിനും സിനിമാ താരത്തിനും ലഭിക്കാത്ത പരിഗണനയാണിത്.
പൊലീസ് അക്കാദമിയിലെ ട്രെയിനിംഗ് കാലംമുതല്‍ യഥാര്‍ത്ഥ വനിതാ ഐ.പി.എസ് ഓഫീസറുടെ മാനറിസങ്ങളെ കടത്തിവെട്ടുന്ന രൂപത്തിലാണ് സീരിയലിലെ ഗായത്രിയുടെ കഥാപാത്രമായ ദീപ്തിയുടെ അഭിനയം. ഇതാണ് അവര്‍ക്ക് ജനങ്ങള്‍ക്കിടയില്‍ സൂപ്പര്‍താര പദവി നേടിക്കൊടുത്തിരിക്കുന്നത്.
സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും കുട്ടികളുമെല്ലാം ഇപ്പോള്‍ സീരിയലിന്റെ പിന്നാലെയാണെന്നതിന്റെ ഉദാഹരണം കൂടിയാണ് പേരാമ്പ്രയില്‍ തടിച്ചുകൂടിയ ജനക്കൂട്ടം.
കോടികള്‍ മുടക്കി പുറത്തിറങ്ങുന്ന സിനിമകളില്‍ ബഹുഭൂരിപക്ഷവും പരാജയപ്പെടുന്നതിന്റെ യഥാര്‍ത്ഥ കാരണം പ്രേക്ഷകര്‍ സീരിയലിന് പ്രാമുഖ്യം കൊടുക്കുന്നതുകൊണ്ടു കൂടിയാണെന്ന വിമര്‍ശനത്തെ സാധൂകരിക്കുന്നതാണ് ഈ സംഭവം.


