സിപിഎം-ബിജെപി സംഘര്‍ഷം: തെറ്റുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കണക്കുകൂട്ടലുകള്‍

തിരുവനന്തപുരം: അസംതൃപ്തരായ സി.പി.എം അണികളെയും അനുഭാവികളെയും ലക്ഷ്യമിട്ട് ബി.ജെ.പി-എസ്.എന്‍.ഡി.പി സഖ്യം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനത്തെ സംഘര്‍ഷാന്തരീക്ഷം തടസമാകുമോയെന്ന് യു.ഡി.എഫ് കേന്ദ്രങ്ങള്‍ക്ക് ആശങ്ക.

അരുവിക്കര മോഡല്‍ വിജയം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും സ്വപ്നം കാണുന്ന യു.ഡി.എഫ്, സി.പി.എമ്മിന്റെ പരമ്പരാഗത വോട്ട് ബാങ്കില്‍ ബി.ജെ.പിക്ക് വിള്ളലുണ്ടാക്കാന്‍ പറ്റുമെന്നും അതുവഴി ഭരണത്തുടര്‍ച്ച സാധ്യമാകുമെന്നുമായിരുന്നു കണക്ക് കൂട്ടിയിരുന്നത്. എന്നാല്‍ സംസ്ഥാനത്ത് സി.പി.എം-ബി.ജെ.പി സംഘര്‍ഷം മൂര്‍ച്ചിച്ചത് ഈ സാധ്യതയ്ക്ക് വെല്ലുവിളിയായിരിക്കുകയാണ്.

തിരുവോണ നാളില്‍ രണ്ടിടങ്ങളിലായി നടന്ന സംഘര്‍ഷത്തില്‍ കാസര്‍ഗോഡ് സി.പി.എം പ്രവര്‍ത്തകനും തൃശൂരില്‍ ബി.ജെ.പി പ്രവര്‍ത്തകനുമാണ് കൊല്ലപ്പെട്ടത്. തൃശൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ അഭിലാഷാണ് കൊല്ലപ്പെട്ടത്. കാസര്‍ഗോഡ് കോടോംവേളൂര്‍ സ്വദേശി നാരായണനാണ് കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകന്‍. നാരായണന്റെ സഹോദരന്‍ അരവിന്ദനും കുത്തേറ്റു. ബൈക്കിലെത്തിയ സംഘമാണ് ഇരുവരെയും ആക്രമിച്ചത്.

കേഡര്‍ പാര്‍ട്ടികളായ സി.പി.എമ്മിനും ബി.ജെ.പിക്കും അവരുടെ അണികളെ സജീവമാക്കി നിര്‍ത്താന്‍ ഇപ്പോഴത്തെ സംഘര്‍ഷം വഴിയൊരുക്കിയിട്ടുണ്ട്.

ഇക്കാര്യത്തില്‍ രാഷ്ട്രീയപരമായി ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുന്നത് സി.പി.എമ്മിനാണ്. അസംതൃപ്തരായ അണികളേയും അനുഭാവികളെയും പാര്‍ട്ടിക്കൊപ്പം അടിയുറച്ച് നിര്‍ത്തിക്കാനും ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്‍തുണ ആര്‍ജ്ജിക്കാനും നിലവിലെ സാഹചര്യം സി.പി.എമ്മിന് തുണയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

ന്യൂനപക്ഷ സംരക്ഷണത്തില്‍ നിന്നും ‘ബിസിനസ്’ താല്‍പര്യത്തിലേക്ക് സാമുദായിക നേതാക്കള്‍ അടക്കം വ്യതിചലിക്കുന്നിടത്ത് ആര്‍.എസ്.എസ് -ബി.ജെ.പി സംഘടനകള്‍ക്കെതിരെ ശക്തമായി പോരാടുന്നത് സി.പി.എമ്മാണെന്ന് ചൂണ്ടിക്കാണിക്കാന്‍ ഇപ്പോഴത്തെ അക്രമ സംഭവങ്ങള്‍ ഒരുപരിധിവരെ വഴിയൊരുക്കിയിട്ടുണ്ട്. ന്യൂനപക്ഷ വോട്ട് ബാങ്ക് ഉറപ്പിച്ച യു.ഡി.എഫിനുള്ള അപ്രതീക്ഷിത വെല്ലുവിളിയാണിത്.

ബി.ജെ.പി ജില്ലാ സെക്രട്ടറിയായിരുന്ന ഒ.കെ വാസു മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സി.പി.എം സ്ഥാനങ്ങള്‍ നല്‍കി സ്വീകരിച്ചതും അരുവിക്കരയടക്കമുള്ള പല പ്രദേശങ്ങളില്‍ നിന്നും പഞ്ചായത്ത് പ്രസിഡന്റുമാര്‍ അടക്കമുള്ള സി.പി.എം പ്രാദേശിക നേതാക്കള്‍ ബി.ജെ.പിയില്‍ ചേക്കേറിയതും ഇരു പാര്‍ട്ടികളും തമ്മിലുള്ള പ്രത്യയ ശാസ്ത്രപരമായ വേര്‍തിരിവിനെപോലും ചോദ്യം ചെയ്യുന്നതായിരുന്നു. ഇതിന് വലിയ വില നല്‍കേണ്ടിവന്നതും സി.പി.എമ്മിനാണ്.

പാര്‍ട്ടിയില്‍ നിന്നും നടപടിക്ക് വിധേയരായവരും അസംതൃപ്തരുമായ നിരവധിപേര്‍ ബി.ജെ.പിയിലേക്ക് കൂടുമാറിയിരുന്നു. പ്രാദേശിക തലത്തില്‍ ഏറെ ജനസ്വാധീനമുള്ള ഇത്തരം ചില മുന്‍ സി.പി.എം നേതാക്കള്‍ അരുവിക്കരയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് വലിയ ഗുണം ചെയ്തിരുന്നു.

സി.പിഎമ്മുമായുള്ള സംഘര്‍ഷം പരമാവധി ഒഴിവാക്കി സി.പി.എം അനുഭാവികളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ പദ്ധതിയൊരുക്കിയ ബി.ജെ.പിക്കും ഇപ്പോഴത്തെ അക്രമ സംഭവം തിരിച്ചടിയാണ്. സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍ ഇരു വിഭാഗവും ഉഷാറാകുന്നത് കൂടുമാറുന്നതിനുള്ള സാധ്യതയ്ക്കും തിരിച്ചടിയാണ്.

ആര്‍.എസ്.എസുമായും ബി.ജെ.പിയുമായും യാതൊരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് പ്രഖ്യാപിച്ച സി.പി.എം അണികളുടെ താല്‍പര്യം കൂടി മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ കരുക്കള്‍ നീക്കുന്നത്. വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും വിജയത്തില്‍ കുറഞ്ഞതൊന്നും പാര്‍ട്ടി പ്രതീക്ഷിക്കുന്നില്ല.

വിവിധ കാരണങ്ങളാല്‍ പാര്‍ട്ടി നടപടിക്ക് വിധേയരായവരെയും പാര്‍ട്ടി വിട്ടുപോയവരെയും തിരികെ കൊണ്ടുവരാനും സി.പി.എം ഇതിനകം തന്നെ ശ്രമം തുടങ്ങിയിട്ടുണ്ട്.

ഇവരെ സ്വാധീനിക്കാന്‍ ബി.ജെ.പി നടത്തുന്ന നീക്കങ്ങളെ തകര്‍ക്കാനാണ് സംഘടനാപരമായി പാര്‍ട്ടി വിട്ടുവീഴ്ച ചെയ്യുന്നത്.

ആര്‍.എസ്.എസ് – ബി.ജെ.പി നേതൃത്വങ്ങള്‍ക്ക് പിന്‍തുണ നല്‍കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും പിണറായി വിജയന്റെയും പ്രസ്താവന ഭരണ വിരുദ്ധ വികാരം ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കാനാണെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ്.

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ബി.ജെ.പി -എസ്.എന്‍.ഡി.പി ബന്ധം നിലവില്‍ വന്നതെന്നും സി.പി.എം നേതൃത്വം സംശയിക്കുന്നുണ്ട്.

ശിവഗിരി മഠത്തെ കൂടെ നിര്‍ത്തി വെള്ളാപ്പള്ളിയുടെ ‘ബിസിനസ് ‘ താല്‍പര്യം തുറന്ന് കാട്ടാനും സി.പി.എം പ്രത്യേക പ്രചാരണ പരിപാടികള്‍ ആവിഷികരിച്ചിട്ടുണ്ട്.

Top