സിപിഎമ്മിനെ നാശത്തിലേക്ക്‌ നയിക്കുന്നത് നേതൃത്വം; അണികളെ പിടിക്കാന്‍ ബിജെപി

യുഡിഎഫ് സര്‍ക്കാരിന്റെ തെറ്റായ നയങ്ങളും അഴിമതിയും തുറന്നുകാട്ടി ജനവികാരം ഉയര്‍ത്താന്‍ ചുമതലപ്പെട്ട സിപിഎമ്മും ഇടതുപക്ഷവും ബാര്‍ കോഴ വിവാദത്തില്‍ കാണിക്കുന്ന ഇരട്ടത്താപ്പ് രാഷ്ട്രീയ കേരളത്തിന് ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്തതാണ്. അവകാശ സമര പോരാട്ടത്തിന്റെ തീജ്വാലയില്‍ പിടഞ്ഞുവീണ രക്തസാക്ഷികളുടെ രക്തസാക്ഷിത്വം മറന്ന് പ്രവര്‍ത്തിക്കുന്ന നേതൃത്വം ഇതിന് കനത്ത വിലനല്‍കേണ്ടി വരും.

സംസ്ഥാന നിയമസഭയില്‍ ഒരംഗം പോലും ഇല്ലാത്ത ബിജെപിയുടെ പിന്നാലെ ഓടാനല്ല ജീവനും രക്തവും നല്‍കി അനേകംപേര്‍ ഈ പ്രസ്ഥാനം വളര്‍ത്തിയെടുത്തത്. അണിയറയിലെ ‘ഒത്തുതീര്‍പ്പ് ‘വ്യവസ്ഥകളില്‍ ഒപ്പിടുന്ന വിപ്ലവ നേതൃത്വം ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നത് നല്ലതാണ്.

സംസ്ഥാനത്ത് ഇപ്പോള്‍ കൊടുംപിരികൊണ്ടിരിക്കുന്ന ബാര്‍ കോഴ വിവാദത്തില്‍ സിപിഎം വഹിച്ച പങ്ക് എന്താണെന്ന് നേതൃത്വം വ്യക്തമാക്കണം. ധനകാര്യ മന്ത്രി കെ.എം മാണി കോഴവാങ്ങിയെന്ന് പരസ്യമായി തുറന്നടിക്കുകയും വിജിലന്‍സിന് രേഖകള്‍ സഹിതം മൊഴി നല്‍കുകയും ചെയ്ത ബിജു രമേശാണ് യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ പ്രതിപക്ഷത്തിന്റെ ‘റോള്‍’നിര്‍വഹിക്കുന്നതെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റംപറയാനും പറ്റില്ല.

കോഴ വിവാദത്തില്‍ ഏറെ നിര്‍ണായകമായ ബാര്‍ ഉടമകളുടെ ശബ്ദരേഖ ബിജു രമേശ് പുറത്തുവിട്ടതിനെ തുടര്‍ന്ന് സമരപരിപാടികളെക്കുറിച്ച് ആലോചിക്കാന്‍ തൃശൂരില്‍ വിളിച്ചുചേര്‍ത്ത ‘അടിയന്തര’ ഇടതുമുന്നണി യോഗം നനഞ്ഞ പടക്കമായി മാറിയത് എങ്ങനെയായിരുന്നുവെന്ന് നേതാക്കള്‍ വ്യക്തമാക്കണം.

ഇടത് യോഗത്തിന് മുന്‍പ് യോഗം ചേര്‍ന്ന ബിജെപി 27ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ശക്തമായ സമരത്തിന് തിരികൊളുത്തിയതാണ് ഇടത് യോഗത്തിന്റെ പ്രസക്തി തന്നെ ചോര്‍ത്തിക്കളഞ്ഞത്. ഒരു എംഎല്‍എ പോലുമില്ലാത്ത ബിജെപിക്ക് ഹര്‍ത്താല്‍ നടത്താനും ശക്തമായി രംഗത്ത് വരാനും പ്രേരണയായത് സര്‍ക്കാരിനെതിരായ ജനങ്ങളുടെ വികാരം മുന്നില്‍ കണ്ടാണ്. ഈ യാഥാര്‍ത്ഥ്യം അറിഞ്ഞോ അറിയാതെയൊ മനസിലാക്കാന്‍ പറ്റാതെ പോയതാണ് ഇടതുപക്ഷത്തിന് പറ്റിയ മണ്ടത്തരം.

‘അടിയന്തരം’എന്ന വാക്കിനെ അപമാനിക്കുന്നതായി തൃശൂരില്‍ ചേര്‍ന്ന ‘അടിയന്തര’ ഇടതുമുന്നണി യോഗ തീരുമാനങ്ങള്‍. കടുത്ത നടപടി സിപിഎമ്മിന്റേയും ഇടതുപക്ഷത്തിന്റേയും ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച ജനങ്ങളേയും മാധ്യമങ്ങളേയും വിഢികളാക്കിയാണ് യോഗതീരുമാനം ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ പ്രഖ്യാപിച്ചത്.

അടുത്തമാസം 3ന് സെക്രട്ടറിയേറ്റിലേക്കും ജില്ലാ കളക്ടറേറ്റിലേക്കും മാര്‍ച്ച് നടത്താന്‍ ഇപ്പോള്‍ എന്തിനാണ് ‘അടിയന്തര’ യോഗം ചേര്‍ന്നതെന്ന ചോദ്യമാണ് മുന്നണി യോഗം നടന്ന തൃശൂരില്‍ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിലും തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലും സമ്മേളന പ്രതിനിധികള്‍ തന്നെ ചോദിച്ചത്. സ്വന്തം അണികള്‍ക്ക് പോലും ഇക്കാര്യത്തില്‍ തൃപ്തികരമായ ഉത്തരം നല്‍കാന്‍ കഴിയാത്ത സിപിഎം നേതൃത്വം ഏതാനും ചില ഡിവൈഎഫ്‌ഐക്കാരെ തെരുവിലിറക്കി ഇപ്പോള്‍ നടത്തുന്ന പ്രഹസന സമരം അപഹാസ്യമാണ്.

പതിനായിരക്കണക്കിന് പ്രവര്‍ത്തകരെ നിമിഷ നേരത്തെ ആഹ്വാനംകൊണ്ട് തെരുവിലിറക്കി ഭരണകൂടത്തെ വിറപ്പിക്കുന്ന സമരശക്തി എങ്ങനെയാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് കൈമോശം വന്നതെന്ന ആത്മപരിശോധന ഈ ഘട്ടത്തിലെങ്കിലും നടത്തുന്നത് നല്ലതാണ്.

കേരളത്തെ കേരളമാക്കുന്നതില്‍ ഏറ്റവും അധികം സംഭാവന നല്‍കിയതും കൊടും ത്യാഗങ്ങള്‍ സഹിച്ചതും കമ്യൂണിസ്റ്റുകാരാണ് എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് തന്നെ സിപിഎം നേതൃത്വത്തോട് ഞങ്ങള്‍ പറയുന്നു, പൂര്‍വികര്‍ അവരുടെ ജീവിതം സ്വയം സമര്‍പ്പിച്ച് വളര്‍ത്തിയ ഇടതുപക്ഷ പ്രസ്ഥാനത്തെ നിങ്ങളായിട്ട് നശിപ്പിക്കരുത്. അങ്ങനെ വന്നാല്‍ അത് രക്തസാക്ഷികളോട് ചെയ്യുന്ന കൊടും പാതകമാണ്.

ഇടത് പ്രസ്ഥാനത്തിന്‌ നേതൃത്വം നല്‍കുന്ന സിപിഎമ്മിന്റെ അണികളില്‍ ഉണ്ടാകുന്ന ചോര്‍ച്ചയും തിരിച്ചടിയും നേതൃത്വം ഗൗരവമായി കാണണം. പാര്‍ലമെന്ററി താല്‍പര്യങ്ങളും വ്യക്തി താല്‍പര്യങ്ങളും മഹത്തായ പാരമ്പര്യമുള്ള പ്രസ്ഥാനത്തിന്റെ അടിവേരറക്കാന്‍ പര്യാപ്തമാകരുത്. കെ.എം മാണിയേയും കേരള കോണ്‍ഗ്രസിനേയും ഒരു ഘട്ടത്തില്‍ ഇടതുപക്ഷത്തിന്റെ ഭാഗമാക്കാന്‍ സിപിഎം ആഗ്രഹിച്ചിരുന്നു എന്നത് സത്യമാണ്. ബാര്‍കോഴ വിവാദത്തില്‍ തട്ടി അകന്നില്ലായിരുന്നുവെങ്കില്‍ ആ സഖ്യം യാഥാര്‍ത്ഥ്യവുമാകുമായിരുന്നു.

അണികളില്ലാത്ത ഘടകകക്ഷികളെ ചുമക്കാന്‍ വിധിക്കപ്പെട്ട സിപിഎം നേതൃത്വത്തിന്റെ വികാരം ആര്‍ക്കും മനസിലാക്കാന്‍ പറ്റും. പക്ഷേ അതിനുവേണ്ടി ഏതുപാര്‍ട്ടിയേയും കൂട്ടുപിടിച്ചുകളായാമെന്ന ധാരണ നല്ലതിനല്ല. പ്രതികരണ ശേഷിയിലും അച്ചടക്കത്തിലും മാതൃകാപരമായ നിലപാട് സ്വീകരിക്കുന്ന സിപിഎം അണികള്‍ പാര്‍ട്ടിയുടെ നന്മയെ കരുതിയാണ് പ്രതിഷേധം പാര്‍ട്ടി വേദികളില്‍ മാത്രമായി ഒതുക്കുന്നത്. ഈ യാഥാര്‍ത്ഥ്യം നേതാക്കള്‍ മനസിലാക്കുന്നത് നല്ലതാണ്.

കോണ്‍ഗ്രസുകാര്‍ കാണിക്കുന്നത് പോലെ നേതൃത്വത്തിന്റെ നിലപാടുകള്‍ക്കെതിരെ പരസ്യമായി രംഗത്തിറങ്ങാന്‍ സിപിഎം അണികള്‍ തയ്യാറായാല്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പിന്നെ അധികം ‘മിനക്കെടേണ്ടി’വരില്ല.

ബാര്‍ കോഴ വിവാദത്തില്‍ പൊതു സമൂഹത്തിനിടയില്‍ മുഖം നഷ്ടപ്പെട്ട സിപിഎം നേതൃത്വം ഇനിയെങ്കിലും ആത്മാര്‍ത്ഥമായി പാര്‍ട്ടിയുടേയും വര്‍ഗ്ഗ – ബഹുജന സംഘടനകളുടേയും നാലിലൊന്ന് ശക്തിയെങ്കിലും ഉപയോഗിച്ച് ഈ കൊടും അഴിമതിക്കെതിരെ പൊരുതാന്‍ തയ്യാറാകണം.

സമരോത്സുകരായ യുവത്വം ഒന്നുകില്‍ നിഷ്‌ക്രിയരാവുകയോ അല്ലെങ്കില്‍ ബിജെപിയുടെ സമരപാതയില്‍ അിണിനിരക്കുകയോ ചെയ്താല്‍ അതിന്റെ ഉത്തരവാദിത്വവും ഇനി സിപിഎം സംസ്ഥാന നേതൃത്വത്തിന് മാത്രമാണ്.

Team ExpressKerala

Top