സിപിഎം സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധം വന്‍ബഹുജന മുന്നേറ്റമാകുമെന്ന് കോടിയേരി

കണ്ണൂര്‍: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അഴിമതിക്കും ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ സിപിഐ എം നേതൃത്വത്തില്‍ ആഗസ്ത് 11ന് സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധം വന്‍ബഹുജനമുന്നേറ്റമാകുമെന്ന് പാര്‍ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മഞ്ചേശ്വരം താലൂക്ക് ഓഫീസുമുതല്‍ തിരുവനന്തപുരം രാജ്ഭവന്‍വരെ ആയിരം കിലോമീറ്റര്‍ ദൂരത്തിലാണ് ജനകീയ ധര്‍ണ. 20 ലക്ഷത്തില്‍പരം പേര്‍ പ്രതിരോധത്തില്‍ അണിനിരക്കുമെന്ന് കോടിയേരി പറഞ്ഞു.

ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് നൂതനമായ ഈ സമരപരിപാടി. ഭക്ഷ്യസുരക്ഷ, തൊഴിലുറപ്പു പദ്ധതി പരിമിതപ്പെടുത്തല്‍, കോര്‍പറേറ്റ്വല്‍ക്കരണം, അഴിമതി എന്നിവയാണ് കേന്ദ്രതലത്തില്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍. ഭക്ഷ്യസുരക്ഷാ ബില്‍ പാര്‍ലമെന്റ് പാസാക്കിയെങ്കിലും യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയില്ല. ഇപ്പോള്‍ ബിജെപി സര്‍ക്കാരും നടപ്പാക്കുന്നില്ല. സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷമാണ്. ഓണമായിട്ടും അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ ഒരു നടപടിയുമില്ലെന്നും കോടിയേരി ആരോപിച്ചു.

25 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന യുഡിഎഫ് വാഗ്ദാനം നാലേകാല്‍ വര്‍ഷമായിട്ടും നടപ്പാക്കിയില്ല. ഇപ്പോള്‍ നിയമനം നിരോധിച്ചിരിക്കുന്നു. 30,000 തസ്തിക വെട്ടിക്കുറച്ചു. പിഎസ്സിയുടെ പ്രവര്‍ത്തനം സ്തംഭിച്ചു. പ്രത്യേക റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിച്ച് പിഎസ്സി നിയമനം അട്ടിമറിക്കാനും നീക്കം നടക്കുന്നു.കേരള സര്‍ക്കാരിന്റെ അഴിമതി ദേശീയതലത്തില്‍ ചര്‍ച്ചാവിഷയമായി. ബിജെപി സര്‍ക്കാരും ഒരു വര്‍ഷത്തിനകം അഴിമതി സര്‍ക്കാരായി മാറിയതായി കോടിയേരി പറഞ്ഞു.

Top