സിപിഎം ജനറല്‍ സെക്രട്ടറി:യെച്ചൂരിക്ക് തടസമാകുന്നത് രാജ്യസഭാ കക്ഷി നേതൃത്വം

വിശാഖപട്ടണം: പുതിയ പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്കായുള്ള മത്സരത്തില്‍ സീതാറാം യെച്ചൂരിക്ക് തടസമാകുന്നത് രാജ്യസഭാ കക്ഷിനേതൃസ്ഥാനം.

രാജ്യസഭയിലെ ഏക പി.ബി അംഗമായ യെച്ചൂരിക്ക് ഇനി രണ്ടര വര്‍ഷംകൂടി കാലാവധിയുണ്ട്. യെച്ചൂരി പാര്‍ട്ടി സെക്രട്ടറിയായാല്‍ രാജ്യസഭാ അംഗത്വം രാജിവെക്കേണ്ടി വരും. അങ്ങിനെയെങ്കില്‍ ബംഗാളില്‍ നിന്നും ഇപ്പോഴത്തെ കക്ഷിനില അനുസരിച്ച് ഒരാളെ ജയിപ്പിച്ചെടുക്കാന്‍ സിപിഎമ്മിനു കഴിയില്ല.

ഇതോടെ രാജ്യസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ഒരാള്‍കൂടി വര്‍ധിക്കുകയും ചെയ്യും. ബിജെപിക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ യെച്ചൂരിയുടെ സാന്നിധ്യം പ്രതിപക്ഷത്തിനു മുതല്‍ക്കൂട്ടാണ്.

കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളെയെല്ലാം ഒന്നിപ്പിക്കാനും യെച്ചൂരിക്കു കഴിഞ്ഞിരുന്നു. ഈ ഘട്ടത്തില്‍ യെച്ചൂരിയെ രാജ്യസഭയില്‍ നിന്നും രാജിവെപ്പിക്കുന്നത് ദോഷകരമാകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

പാര്‍ട്ടിയുടെ സംഘടനാ ചുമതലയുള്ള പി.ബി അംഗം എസ്. രാമചന്ദ്രന്‍പിള്ളക്ക് ഒരു ടേം ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കി യെച്ചൂരിയുടെ രാജ്യസഭാ കാലാവധിക്കു ശേഷം അദ്ദേഹത്തിന് ജനറല്‍ സെക്രട്ടറി സ്ഥാനം കൈമാറാനുള്ള ഫോര്‍മുലയും പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉയരുന്നുണ്ട്.

മൂന്നു വര്‍ഷം കഴിഞ്ഞാല്‍ എസ്ആര്‍പിക്ക് 80 വയസാകും. ഇതോടെ പ്രായാധിക്യം ചൂണ്ടികാട്ടി സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കി യെച്ചൂരിയെ അവരോധിക്കാം. അപ്പോള്‍ യെച്ചൂരിക്ക് 65 വയസേ അവുകയുള്ളൂ.

എന്നാല്‍ ഈ ഫോര്‍മുല ബംഗാള്‍ ഘടകം അംഗീകരിച്ചാല്‍ മാത്രമേ എസ്ആര്‍പിക്കു സാധ്യതയുള്ളൂ. ബംഗാള്‍ ഘടകം കാരാട്ടിനു പിന്‍ഗാമിയായി യെച്ചൂരിയെയാണ് പിന്തുണക്കുന്നത്. കേരളത്തിലെ 175 പ്രതിനിധികളില്‍ ഭൂരിപക്ഷവും എസ്ആര്‍പിക്ക് ഒപ്പമാണ്.

കേരളത്തിലെ വിഭാഗീയതയില്‍ വി.എസിനെതിരെ നടപടിവേണ്ടെന്ന നിലപാട് യെച്ചൂരി സ്വീകരിച്ചതാണ് പിണറായി പക്ഷത്തിന്റെ അതൃപ്തിക്കുകാരണം. എന്നാല്‍ കേരളഘടകത്തില്‍ എസ്ആര്‍പിക്കു വേണ്ടിയോ യെച്ചൂരിക്കെതിരായോ ഏകസ്വരത്തില്‍ ശബ്ദം ഉയര്‍ന്നുവരാനിടയില്ല.

പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉയര്‍ന്നു വരുന്ന പൊതുചര്‍ച്ചയെ ആധാരമാക്കിയുള്ള നിലപാടായിരിക്കും കേരള-ബംഗാള്‍ ഘടകങ്ങള്‍ക്ക് പുറത്തുള്ള 399 പ്രതിനിധികള്‍ സ്വീകരിക്കുക. സെക്രട്ടറിയെ സംബന്ധിച്ച കാര്യങ്ങള്‍ വരുന്ന 18 ന് ചര്‍ച്ച ചെയ്യുകയും 19ന് തീരുമാനിക്കുകയും ചെയ്യും.

Top