മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത ഹൃദയ സ്പര്‍ശിയായ ഒരുപാട് സിനിമകള്‍ സമ്മാനിച്ച സംവിധയകനാണ് സത്യന്‍ അന്തിക്കാട്. അതുകൊണ്ട് തന്നെ താരമൂല്യങ്ങള്‍ നോക്കിയല്ല കുടുംബ പ്രേക്ഷകര്‍ സത്യന്‍ അന്തിക്കാട് സിനിമകളില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നത്. മറിച്ച് സംവിധായകനില്‍ പ്രതീക്ഷയര്‍പ്പിച്ചാണ്… ‘എന്നും എപ്പോഴുമുണ്ടായിരുന്ന’ ഈ പ്രതീക്ഷകളെയാണ് ഇപ്പോള്‍ സത്യന്‍ അന്തിക്കാട് തല്ലിക്കെടുത്തിയിരിക്കുന്നത്.
സൂപ്പര്‍താരങ്ങളായ മോഹന്‍ലാലും മഞ്ജുവാര്യരും സത്യന്‍ അന്തിക്കാടിന്റെ കൂടെ ഒത്തൊരുമിച്ച് പിറവിയെടുക്കുന്ന സിനിമയില്‍ പ്രേഷകര്‍ അര്‍പ്പിച്ച പ്രതീക്ഷയുടെ അളവുകോല്‍ അറിയാന്‍ സിനിമ കണ്ടിറങ്ങുന്നവരുടെ പ്രതികരണം മാത്രം കേട്ടാല്‍ മതി.
ഒരു സിനിമയെടുക്കുന്നതിനും അത് പുറത്തിറക്കുന്നതിനും നിര്‍മ്മാതാവും സംവിധായകനും അഭിനേതാക്കളും ഉള്‍പ്പെടെയുള്ള നിരവധിപേര്‍ ഒഴുക്കുന്ന വിയര്‍പ്പും കഷ്ടപ്പാടുകളും വളരെ വലുതാണ്.
അതുപോലെ തന്നെ തീഷ്ണമായ ജീവിത സാഹചര്യങ്ങളില്‍ നിന്ന് അല്‍പ സമയം മോചനം നേടാന്‍ തിയറ്ററുകളെ ശരണം പ്രാപിക്കുന്നവരുടെ വേദനയും സങ്കടവും പ്രതിഷേധവും സത്യന്‍ അന്തിക്കാടും മനസിലാക്കണം.
മോഹന്‍ലാലിന്റെ സ്വന്തം ബാനറില്‍ പുറത്തിറക്കുന്ന ‘എന്നും എപ്പോഴും’ സിനിമക്ക് എപ്പോഴെങ്കിലും സാമ്പത്തിക ബുദ്ധമുട്ട് കൊണ്ട് ഷൂട്ടിംഗ് നിര്‍ത്തിവെക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. ഈ സിനിമ പരാജയപ്പെട്ടതുകൊണ്ട് നിങ്ങള്‍ക്കാര്‍ക്കും മറ്റ് സിനിമാ പ്രവര്‍ത്തകരെപോലെ വീട്ടിലിരിക്കേണ്ട അവസ്ഥയോ കടക്കെണിയില്‍ പെട്ട് ജപ്തി നടപടി നേരിടേണ്ടി വരുന്ന അവസ്ഥയോ ഉണ്ടാവുകയുമില്ല.
പക്ഷേ… കാശ് മുടക്കി സിനിമ കാണാന്‍ വരുന്നവന് സിനിമ മോശമാണെന്ന് മനസിലായാല്‍ പാതി വഴിയില്‍ ഇറങ്ങിപ്പോകാന്‍ പോലും പറ്റാതെ കുടുംബത്തോടൊപ്പം യാന്ത്രികമായി സിനിമ കണ്ട് തീര്‍ക്കേണ്ട ഗതികേട് സാമ്പത്തിക നഷ്ടത്തേക്കാള്‍ വലുതാണ്.
വഴിയോരത്തെ ഗട്ടറില്‍ വീണ് പരിക്കേറ്റ മഞ്ജുവിലെ അഭിഭാഷകയായ നായിക കഥാപാത്രം കളക്ടറെയും മേയറെയും മുള്‍മുനയില്‍ നിര്‍ത്തി താരമാകുന്നതും ഇതേ തുടര്‍ന്ന് മാനേജ്‌മെന്റിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് വനിത മാഗസിന്റെ റിപ്പോര്‍ട്ടറായ നായക കഥാപാത്രം(മോഹന്‍ലാല്‍) അവരുടെ ഒരു ഇന്റര്‍വ്യൂവിനായി നടത്തുന്ന ശ്രമങ്ങളുമാണ് ‘എന്നും എപ്പോഴും’ സിനിമയില്‍ കൂടി സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറയുന്നത്.
സാധാരണ ഗതിയില്‍ ഒരു പത്ര റിപ്പോര്‍ട്ടറുടെ മുന്നല്‍ ഇന്റര്‍വ്യൂ എന്ന് കേട്ടാല്‍ ചാടി വീഴുന്ന ‘റിയാലിറ്റി’ മന:പൂര്‍വ്വം സിനിമയില്‍ മറച്ച് വച്ച് സംവിധായകന്‍ പത്രപ്രവര്‍ത്തകനോട് മുഖം തിരിക്കുന്ന കഥാപാത്രമായി നായിക കഥാപാത്രത്തെ സൃഷ്ടിച്ചാണ് കഥപറയാന്‍ ശ്രമിക്കുന്നത്.
ജീവിതത്തിലെ പോലെ തന്നെ സിനിമയിലും വിവാഹമോചനം നേടിയ സ്ത്രീയുടെ റോളാണ് മഞ്ജുവിന്. കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടംപിടിച്ച മോഹന്‍ ലാലിനെയും മഞ്ജുവാര്യരെയും യാന്ത്രിക കഥാപാത്രങ്ങളാക്കി മാറ്റുകയാണ് തിരക്കഥാ കൃത്തും സംവിധായകനും ചെയ്യുന്നത്.
മഞ്ജുവാര്യരുടെ ജീവിതത്തില്‍ അടുത്ത കാലത്തുണ്ടായ ചില സംഭവ വികാസങ്ങള്‍ക്ക് ന്യായീകരണം നല്‍കാനും മറുപടി നല്‍കാനും ഈ സിനിമയെ ഉപയോഗപ്പെടുത്തിയെന്ന് ആരെങ്കിലും വിമര്‍ശനം ഉന്നയിച്ചാല്‍ അവരെ പൂര്‍ണമായി കുറ്റം പറയാന്‍ പറ്റില്ല.
ഒരു വനിതാ വാരികയുടെ റിപ്പോര്‍ട്ടറായ നായകനോട് നായികയ്ക്ക് പറയാനുള്ള സ്വന്തം ജീവിത കഥ യഥാര്‍ത്ഥ ജീവിതവുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ളതാണെങ്കില്‍ അതിന് തീര്‍ച്ചയായും സത്യന്‍ അന്തിക്കാട് അടക്കമുള്ളവര്‍ക്ക് തിരിച്ചടി അനിവാര്യം തന്നെയാണ്. കാരണം വ്യക്തി ജീവിതങ്ങള്‍ സിനിമയാക്കാം. പക്ഷേ അത് ഏക പക്ഷീയമാവരുത്.
സിനിമാ കഥകള്‍ സാങ്കല്‍പ്പികമാണ് എന്ന് അംഗീകരിക്കുന്നതോടൊപ്പം തന്നെ അതിന്റെ പ്രമേയങ്ങള്‍ മിക്കതും ജീവിത യാഥാര്‍ത്ഥ്യങ്ങളെ തൊട്ടുണര്‍ത്തുന്നതാണെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.
ദിലീപ് – മഞ്ജു ദമ്പതികളുടെ മകളായ മീനാക്ഷിയെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ മകള്‍ക്ക് സിനിമയില്‍ ‘മിയ’ എന്ന പേരാണ് നല്‍കിയിരിക്കുന്നത്. മകളെയും ഭാര്യയെയും വാഹനമിടിച്ച് അപകടപ്പെടുത്താന്‍ മാനസികാവസ്ഥയിലുള്ള ഭര്‍ത്താവിനെയാണ് സിനിമയില്‍ ‘വില്ലനായി’ അദൃശ്യമായി അവതരിപ്പിച്ചിരിക്കുന്നത്.
ഭര്‍ത്താവിനെ മഞ്ജുവിലെ നായിക കഥാപാത്രം ദുഷ്ടകഥാപാത്രമാക്കി അവതരിപ്പിക്കുമ്പോഴും സിനിമയില്‍ നേരിട്ട് വില്ലന്‍ പ്രത്യക്ഷപ്പെടുന്നില്ലെന്നതും ശ്രദ്ധേയമാണ്. വില്ലന് വേണ്ടി അഭിഭാഷകന്‍ കൃത്യം നടപ്പാക്കുന്നതായാണ് ചിത്രത്തില്‍ കാണാന്‍ കഴിയുക.
വിവാഹ മോചനം നേടാനുള്ളതിന്റെ തന്റെ തീരുമാനം ശരിയായിരുന്നുവെന്ന് തറപ്പിച്ച് പറയുന്ന നായിക കഥാപാത്രം തനിക്ക് വേണ്ടപ്പെട്ടവരെയൊക്കെ (അമ്മയെ അടക്കം) ഭര്‍ത്താവ് തെറ്റിദ്ധരിപ്പിച്ചതായും വൈകാരികമായി പറയുന്നുണ്ട്.
ചിലര്‍ക്ക് ചില കാര്യങ്ങള്‍ പറയാന്‍ വേണ്ടി എടുത്ത സിനിമ വിലയിരുത്തേണ്ട ഒരു സാഹചര്യം ‘എന്നും എപ്പോഴും’ ഇല്ലാത്തതിനാല്‍ ഇതിലെ പ്രമേയത്തിലേക്ക് കൂടുതല്‍ കടക്കുന്നില്ല. കടക്കാന്‍ ഒരു പ്രമേയമില്ലെന്നത് മറ്റൊരു കാര്യം.


