സിഖ് യുവാവിന്റെ കൊലപാതകം: സംഘര്‍ഷാവസ്ഥയില്‍ കാശ്മീര്‍

ശ്രീനഗര്‍: കാശ്മീരില്‍ പൊലീസ് വെടിവെപ്പില്‍ സിഖ് യുവാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥ തുടരുന്നു. ഇന്നലെ ജമ്മുവില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചെങ്കിലും സിഖ് വംശജര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നു.

സിഖ് നേതാവ് ജര്‍ണൈല്‍ സിങ് ബിന്ദ്രന്‍ വാലെയുടെ ജന്മദിനാഘോഷങ്ങള്‍ക്കിടെ ചൊവാഴ്ചയാണ് ജമ്മുവില്‍ പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. പൊലീസ് ബിന്ദ്രന്‍ വാലെയുടെ ചിത്രമടങ്ങിയ പോസ്റ്റര്‍ കീറിയതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയത്. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സിഖ് യുവാക്കള്‍ ശക്തമായ പ്രതിഷേധമുയര്‍ത്തിയിരുന്നു. വ്യാഴാഴ്ച നടന്ന പ്രതിഷേധത്തിനിടെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ജഗത് ജിത് സിംഗ് എന്ന യുവാവ് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സമാധാനാന്തരീക്ഷം പൂര്‍ണമായും നഷ്ടമായതോടെ ഇന്നലെ ജമ്മുവില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നെങ്കിലും ആളുകള്‍ കൂട്ടം ചേര്‍ന്ന് പ്രതിഷേധം തുടര്‍ന്നു. പ്രക്ഷോഭകാരികള്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ കത്തിച്ചു. പൊലീസിനെതിരെയും ആക്രമണമുണ്ടായി. സൈന്യം സുവര്‍ണ ക്ഷേത്രം വളഞ്ഞതിന്റെ വാര്‍ഷികവും ബിന്ദ്രന്‍വാലെയുടെ ചരമവാര്‍ഷികവുമാണ് ഇന്ന്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Top