ഗ്രീസ്‌ പ്രതിസന്ധി: പരിഹാര നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഞായറാഴ്ചവരെ സമയം നല്‍കി

ബ്രസ്സല്‍സ്: സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് യൂറോപ്യന്‍ യൂണിയനുമായി ധാരണയിലെത്താന്‍ ഗ്രീസിന് ഞായറാഴ്ചവരെ സമയം അനുവദിച്ചു. എന്നാല്‍ ഗ്രീസ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതിനുള്ള മറുപടി ലഭിച്ചിട്ടില്ല.

ഗ്രീക്ക് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഞായറാഴ്ച യൂറോപ്യന്‍ യൂണിയന്റെ സമ്പൂര്‍ണ ഉച്ചകോടി ചേരും. യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി അവസാനഘട്ട ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുകയാണ് ഗ്രീസ്. അതിനിടയില്‍ പ്രധാനമന്ത്രി അലക്‌സിസ് സിപ്രസ് കഴിഞ്ഞ ദിവസം ജര്‍മന്‍ ചാലന്‍സലര്‍ ഏയ്ഞ്ചല മെര്‍ക്കലുമായി ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു.

ബ്രസല്‍സില്‍ ചേര്‍ന്ന യൂറോസോണ്‍ നേതാക്കളുടെ അടിയന്തര യോഗത്തിലാണ് തീരുമാനങ്ങള്‍. ഗ്രീസിലെ പ്രതിസന്ധി പരിഹരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ടു നിര്‍ദേശങ്ങള്‍ ഹിതപരിശോധനയിലൂടെ തള്ളപ്പെട്ട സാഹചര്യത്തിലായിരുന്നു അടിയന്തര യോഗം. വെള്ളിയാഴ്ചയോടെ പുതിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നാണ് മുന്നറിയിപ്പ്.

വായ്പ നല്‍കിയവരില്‍നിന്ന് ഉദാര സമീപനം നേടുകയെന്നതാണ് ഗ്രീസിന്റെ ലക്ഷ്യം. അതിനുള്ള നീക്കങ്ങളാണ് ഗ്രീസ് നടത്തുന്നത്. കടത്ത നിബന്ധനകളോടെ ധനസഹായം വേണ്ടെന്ന് വെച്ച ഗ്രീസ് പുതിയ ശുപാര്‍ശ ഇന്ന് സമര്‍പ്പിച്ചേക്കുമെന്നും സൂചനയുണ്ട്.

Top