ജയ്പൂര്‍: മുംബൈ സ്‌ഫോടനക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട യാക്കൂബ് മേമനെ പിന്‍തുണച്ച ബോളിവുഡ് താരം സല്‍മാന്‍ ഖാനും അസദുദീന്‍ ഉവൈസിയും പാകിസ്താനില്‍ പോകണമെന്ന് വി.എച്ച്.പി അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ.
മേമനെ പിന്തുണക്കുന്നവര്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ഇരുവരും പാകിസ്താന് യോജിക്കുന്നവരാണ്. അവരെ പാകിസ്താനിലേക്ക് അയക്കണമെന്നും തൊഗാഡിയ വ്യക്തമാക്കി.
ഗുരുദാസ്പൂരിലെ തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നരേന്ദ്ര മോഡി തുടരുന്ന പാകിസ്താനുമായുള്ള സാരിഫഷാള്‍ നയതന്ത്രം അവസാനിപ്പിക്കണമെന്നും തൊഗാഡിയ ജയ്പൂരില്‍ ആവശ്യപ്പെട്ടു.
മുംബൈ ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കുന്നതില്‍ ഇന്ത്യ വരുത്തിയ വീഴ്ചയാണ് പാകിസ്താന് കൂടുതല്‍ ആക്രമണങ്ങള്‍ക്ക് പ്രചോദനമായതെന്നും തൊഗാഡിയ വ്യക്തമാക്കി.
ട്വിറ്ററില്‍ യാക്കൂബ് മേമനെ പിന്‍തുണച്ച് സല്‍മാന്‍ ഖാന്‍ രംഗത്ത് വന്നത് ഏറെ വിവാദമായിരുന്നു. സംഭവം വിവാദമായതോടെ സല്‍മാന്‍ നിലപാടുമാറ്റിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി അടുപ്പമുള്ളയാളാണ് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ഖാന്‍.
ഗുജറാത്തുകാരന്‍കൂടിയായ തൊഗാഡിയ പക്ഷേ മോഡിയുമായി അകല്‍ച്ചയിലാണ്. മോഡി രാമക്ഷേത്ര നിര്‍മ്മാണം അടക്കമുള്ള വിഷയങ്ങളില്‍ ഇരട്ടതാപ്പുകാണിക്കുന്നു എന്ന വിമര്‍ശനമാണ് തൊഗാഡിയക്കുള്ളത്.


