ന്യൂഡല്‍ഹി: വാഹനാപകടക്കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് നല്‍കിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് എച്ച്.എല്‍.ദത്തു അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ബോംബെ കോടതി കേസില്‍ സല്‍മാന് ജാമ്യം അനുവദിച്ചിരുന്നതിനെ ചോദ്യം ചെയ്തായിരുന്നു ഹര്‍ജി.
സല്‍മാന്‍ഖാന്റെ ബോഡീഗാര്‍ഡ് ആയിരുന്ന കൊല്ലപ്പെട്ട രവീന്ദ്ര പാട്ടീലിന്റെ അമ്മയാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നത്. വിചാരണകോടതി വിധിക്കെതിരായ അപ്പീല്‍ പരിഗണിക്കുന്നത് മുംബൈയില്‍ നിന്ന് ദില്ലിയിലേക്ക് മാറ്റണമെന്ന ആവശ്യം പരിഗണിക്കാനും കോടതി വിസമ്മതിച്ചു.
മദ്യലഹരിയില്‍ കാറോടിച്ചുണ്ടായ അപകടത്തില്‍ റോഡരികില്‍ ഉറങ്ങിക്കിടന്നയാള്‍ മരിച്ച കേസില്‍ മേയ് ആറിനാണ് മുംബയ് അഡിഷണല്‍ സെഷന്‍സ് കോടതി സല്‍മാന്‍ ഖാന് അഞ്ചു വര്‍ഷം തടവുശിക്ഷ വിധിച്ചത്. എന്നാല്‍ സല്‍മാന്‍ നല്‍കിയ അപ്പീലില്‍ തീരുമാനമാകുന്നത് വരെ ശിക്ഷ മരവിപ്പിക്കുകയും അതുവരെ സല്‍മാന് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.


