തിരുവനന്തപുരം: ആഭ്യന്തര മന്ത്രിയെ മനപൂര്‍വം അവഹേളിച്ചിട്ടില്ലെന്ന് എ.ഡി.ജി.പി ഋഷിരാജ് സിംങ്ങ്. സല്യൂട്ട് വിവാദവുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി ഋഷിരാജ് സിംങ്ങ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ നേരില്‍ കണ്ട് വിശദീകരണം നല്‍കി. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും അദ്ദേഹം ചെന്നിത്തലയെ അറിയിച്ചു.
പരേഡിന്റെ ഒരുക്കങ്ങള്‍ വീക്ഷിച്ചു കൊണ്ടിരുന്നതിനാലാണ് താന്‍ മന്ത്രിയ സല്യൂട്ട് ചെയ്യാതിരുന്നത്. ആരെയും മനപൂര്‍വം അവഹേളിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും സിംങ്ങ് പറഞ്ഞു.
വനിതാ പൊലീസിന്റെ പാസിംഗ് ഔട്ട് പരേഡിന് തൃശൂരിലെ രാമവര്‍മപുരം പൊലീസ് അക്കാദമയില്‍ എത്തിയ രമേശ് ചെന്നിത്തലയെ മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ എഴുന്നേറ്റ് നിന്ന് സല്യൂട്ട് ചെയ്ത് സ്വീകരിച്ചപ്പോള്‍ ഋഷിരാജ് സിംങ്ങ് ഗൗനിക്കാതെ സീറ്റിലിരുന്നത് നേരത്തെ വിവാദമായിരുന്നു. സംഭവത്തില്‍ ആഭ്യന്തരവകുപ്പ് ഋഷിരാജ് സിംങ്ങിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു.


