കൊച്ചി: സംസ്ഥാന സര്‍ക്കാരിന് ശക്തമായ തിരിച്ചടി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ കൊണ്ടുവന്ന അധ്യാപക പാക്കേജ് ഹൈക്കോടതി സ്റ്റേ ചെയ്തു. പാക്കേജിലെ വ്യവസ്ഥകള്‍ കേന്ദ്ര വിദ്യാഭ്യാസ നയവുമായി യോജിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്. പാക്കേജ് കൊണ്ടുവന്ന സര്‍ക്കാര്‍ ഉത്തരവില്‍ അപാകതയും ആശയക്കുഴപ്പവും ഉണ്ടെന്നും കോടതി നിരീക്ഷിച്ചു.
അധ്യാപക പാക്കേജിനെതിരേ വിവിധ മാനേജുമെന്റുകള്‍ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് വിധി പറഞ്ഞത്.
സ്‌കൂളിലെ വിദ്യാര്‍ഥികളുടെ എണ്ണം പരിഗണിച്ച് അധികം അനുവദിക്കുന്ന ബാച്ചുകളില്‍ അധ്യാപക വിദ്യാര്‍ഥി അനുപാതം 1:45 ആയിരിക്കുമെന്ന അധ്യാപക പാക്കേജിലെ വ്യവസ്ഥ എല്‍പി വിഭാഗത്തില്‍ 1:30, യുപി വിഭാഗത്തില്‍ 1:35 എന്നിങ്ങനെ ആക്കണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
ഇതോടൊപ്പം സ്‌കൂളുകളില്‍ അധിക ബാച്ച് അനുവദിക്കുന്നതിന് ഉന്നതതല പരിശോധന നടത്തണമെന്ന വ്യവസ്ഥയും ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തിരുന്നു.


