സര്‍ക്കാരില്‍ വിഴിഞ്ഞം ചര്‍ച്ച; പണമില്ലാതെ പി.എസ്.സി നിയമന നടപടികള്‍ മുടങ്ങുന്നു

തിരുവനന്തപുരം: പി.എസ്.സിയുടെ ദൈനം ദിന ചെലവുകള്‍ക്കുള്ള പണം ധനവകുപ്പ് നല്‍കാത്തതോടെ പി.എസ്.സി പരീക്ഷകളും അഭിമുഖങ്ങളും നിയമനനടപടികളും മുടങ്ങുന്നു.

ആയിരക്കണക്കിന് തൊഴില്‍ രഹിതരായ യുവതീയുവാക്കളെ ഗൗരവമായി ബാധിക്കുന്ന പ്രശ്‌നത്തില്‍ ഇതു വരെ ഇടപെടാത്ത മുഖ്യമന്ത്രിയും സര്‍ക്കാരും വിഴിഞ്ഞം കരാര്‍ അദാനിക്കു നല്‍കുന്നതിലെ തര്‍ക്കംതീര്‍ക്കാനുള്ള തിരക്കിലാണ്.

സാധാരണ പി.എസ്.സി സര്‍ക്കാരിനോട് പണം ചോദിച്ചാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കാറുണ്ട്. ശമ്പളച്ചെലവടക്കം അടിയന്തര സ്വഭാവത്തോടെ 18 കോടിയുടെ ധനസഹായമാണ് പി.എസ്.സി ആവശ്യപ്പെട്ടത്.

പണം അനുവദിക്കുന്നത് ധനവകുപ്പ് അഡി. ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം തടഞ്ഞുവച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ പോലും അനുമതി ആവശ്യമില്ലാതെ കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ നിന്ന് പി.എസ്.സിക്ക് പണം അനുവദിക്കാമെന്നിരിക്കെയാണ് ധനവകുപ്പിന്റെ ഉടക്ക്.

ഈ പശ്ചാത്തലത്തില്‍ പി.എസ്.സി ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ ഇന്നലെ നിയമസഭയിലെത്തി മുഖ്യമന്ത്രിയെ കണ്ട് ഇനി പത്തുലക്ഷം രൂപ മാത്രമാണ് പി.എസ്.സിയില്‍ നീക്കിയിരിപ്പുള്ളതെന്നും മൂന്നു ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ക്കുപോലും ഈ തുക തികയില്ലെന്നും അറിയിച്ചു. പരിശോധിക്കാമെന്ന മറുപടിയാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ മാസത്തെ പരീക്ഷാ നടത്തിപ്പിന് മാത്രം ഏഴു കോടിയിലേറെ രൂപയാണ് പി.എസ്.സിക്ക് ചെലവുണ്ടായത്. 15 ലക്ഷത്തിലേറെ പേര്‍ എഴുതിയ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, മുനിസിപ്പല്‍ ഗ്രേഡ് സെക്രട്ടറി പരീക്ഷകളാണ് പി.എസ്.സിയുടെ സാമ്പത്തികനില തെറ്റിച്ചത്.

സപ്ലിമെന്ററി ഗ്രാന്റായി 13 കോടിയും അഡീഷണല്‍ അലോട്ട്‌മെന്റായി അഞ്ചു കോടിയുമാണ് കഴിഞ്ഞ 18ന് പി.എസ്.സി ആവശ്യപ്പെട്ടത്. സ്ഥിതി ഗുരുതരമാണെന്ന് പി.എസ്.സി സെക്രട്ടറി അറിയിച്ചിട്ടും ധനവകുപ്പ് കുലുങ്ങിയില്ല. കഴിഞ്ഞ പി.എസ്.സി യോഗം സാമ്പത്തികസ്ഥിതി പരിശോധിച്ച ശേഷമാണ് ചെയര്‍മാന്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് വിവരമറിയിക്കണമെന്ന് തീരുമാനിച്ചത്.

ഒരു പരീക്ഷാ നടത്തിപ്പിന് ശരാശരി നാലുകോടി രൂപയാണ് ചെലവ്. പരീക്ഷാകേന്ദ്രങ്ങളില്‍ ഒരു ഉദ്യോഗാര്‍ത്ഥിക്ക് അഞ്ചുരൂപ സര്‍വീസ്ചാര്‍ജ് നല്‍കണം. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും ഇത് ബാധകമാണ്.

നാലായിരത്തോളം പരീക്ഷാകേന്ദ്രങ്ങളാണ് കഴിഞ്ഞമാസത്തെ പരീക്ഷകള്‍ക്കായി സജ്ജമാക്കേണ്ടിവന്നത്. കായിക പരീക്ഷകള്‍ക്ക് ഗ്രൗണ്ട് ലഭിക്കാന്‍ ഇരുപതിനായിരം രൂപയാണ് നല്‍കുന്നത്. അഭിമുഖപരീക്ഷ നടത്തുന്ന വിദഗ്ദ്ധര്‍ക്കും വകുപ്പുതല പരീക്ഷ നടത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഓണറേറിയം, യാത്രാബത്ത, ക്ഷാമബത്ത എന്നിവയ്ക്കായും കോടികളാണ് ചെലവ്.

Top