സര്‍ക്കാരില്‍ തിരുത്തല്‍ നടപടികള്‍ ആവശ്യമെന്ന് ആഭ്യന്തരമന്ത്രി ചെന്നിത്തല

തിരുനന്തപുരം: സംസ്ഥാന സര്‍ക്കാരില്‍ തിരുത്തല്‍ നടപടികള്‍ വേണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചെന്നിത്തലയുടെ പരാമര്‍ശം. നേതൃമാറ്റം ഇപ്പോള്‍ ആവശ്യപ്പെടില്ലെങ്കിലും ഉമ്മന്‍ ചാണ്ടിക്ക് സമ്പൂര്‍ണമായി വഴങ്ങേണ്ടെന്നാണ് ഐ ഗ്രൂപ്പ് തീരുമാനം

യു.ഡി.എഫില്‍ എല്ലാം ഭദ്രമല്ലെന്ന് സമ്മതിച്ച ചെന്നിത്തല സര്‍ക്കാരിന് നാലുവര്‍ഷമായതില്‍ ജനങ്ങള്‍ക്ക് സ്വാഭാവിക അസംതൃപ്തിയുണ്ടെന്നു വ്യക്തമാക്കി. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ട്. നേതൃമാറ്റമല്ല, ഭരണരംഗത്ത് മാറ്റങ്ങള്‍ വേണമെന്നാണിപ്പോള്‍ ആവശ്യപ്പെടുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.

മുഖ്യമന്ത്രിക്ക് മുന്നില്‍ കീഴടങ്ങുകയല്ല, സമ്മര്‍ദം ശക്തമാക്കാനാണ് ഐ ഗ്രൂപ്പ് തീരുമാനം. തെരഞ്ഞെടുപ്പ് വര്‍ഷമായതിനാല്‍ നേതൃമാറ്റത്തിനായി പരസ്യ കലാപമില്ല. പക്ഷേ ആ ഉന്നത്തില്‍ നിന്ന് പിന്നോട്ടുമില്ല. ഈ സാഹചര്യത്തിലാണ് തിരുത്തല്‍ നടപടികളെന്നാവശ്യം പരസ്യമാക്കുന്നത്.

ബാര്‍ കോഴക്കേസ് അന്വേഷണെ നടപടികളുടെ പേരില്‍ എല്ലാം ചെന്നിത്തലയുടെ തലയില്‍ കെട്ടിവയ്ക്കാന്‍ എ ഗ്രൂപ്പ് പ്രചരണം നടത്തുന്നുവെന്ന വികാരവും ഐ ഗ്രൂപ്പ് യോഗത്തിലുണ്ടായി. എല്ലാം നടപടികളും മുഖ്യമന്ത്രിയുമായും കൂടിയാലോചിച്ചെടുത്തിട്ടും ചെന്നിത്തലയെ ഒറ്റപ്പെടുത്തുന്നതിലെ രോഷവും അധികകാലം അടക്കിവയ്‌ക്കേണ്ടെന്ന് ഗ്രൂപ്പ് തീരുമാനം.

Top