സര്‍ക്കാരിന് കുരുക്കുമായി മാധ്യമ പ്രവര്‍ത്തകന്‍ വേണു ബാലകൃഷ്ണന്‍

കൊച്ചി: സരിത എസ്. നായരുടെ നേതൃത്വത്തില്‍ നടത്തിയ സോളാര്‍ തട്ടിപ്പു കേസിലെ മുഴുവന്‍ വിവരങ്ങളുമടങ്ങിയ പെന്‍ഡ്രൈവ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കൈവശമുണ്ടെന്ന് പത്രപ്രവര്‍ത്തകന്‍ വേണു ബാലകൃഷ്ണന്‍ സോളാര്‍ കമ്മിഷനു മൊഴി നല്‍കി.

സോളാര്‍ തട്ടിപ്പ് വിവരങ്ങളടങ്ങിയ ഒരു പെന്‍ഡ്രൈവ് ഉണ്ടെന്ന് മാധ്യമപ്രവര്‍ത്തകരില്‍നിന്നും രാഷ്ട്രീയ പ്രവര്‍ത്തകരില്‍നിന്നുമാണ് അറിഞ്ഞതെന്നും ജസ്റ്റിസ് ശിവരാജനു മുമ്പാകെ അദ്ദേഹം മൊഴി നല്‍കി.

ചാനല്‍ ചര്‍ച്ചയില്‍ ഇതേക്കുറിച്ചു പരാമര്‍ശങ്ങളുണ്ട്. പെന്‍ഡ്രൈവ് പുറത്തായാല്‍ പുതുപ്പള്ളിക്കാരന്‍ ബുദ്ധിമുട്ടിലാകുമെന്നു പറഞ്ഞത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഉദ്ദേശിച്ചാണ്. മുഖ്യമന്ത്രിയെ ബുദ്ധിമുട്ടിലാക്കുന്ന വിവരങ്ങളാണ് അതിലുള്ളതെന്നു പറഞ്ഞിരുന്നു. ഇത് കേട്ടറിവിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞതാണെന്നും വേണു പറഞ്ഞു.

സോളാര്‍തട്ടിപ്പുകേസിലെ പ്രതിയായ മണിലാലിനെ ജാമ്യത്തിലിറക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരുന്നെന്നു വെളിവാക്കുന്ന ടെലിഫോണ്‍ സംഭാഷണങ്ങളുടെ രേഖകള്‍ പി. ശ്രീരാമകൃഷ്ണന്‍ എംഎല്‍എ കമ്മിഷനു നല്‍കി.
ഇതുസംബന്ധിച്ച് മണിലാലിന്റെ സഹോദരന്‍ റിജേഷുമായി പി.ഒ. മാധവന്‍ എംഎല്‍എ നടത്തിയ ടെലിഫോണ്‍ രേഖകളാണു കൈമാറിയത്.

ഉമ്മന്‍ചാണ്ടിയുമായി റിജേഷ് സംസാരിച്ചതിന്റെ തെളിവുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. ഇരുവരുമായി റിജേഷിന് ആത്മബന്ധമുള്ളതുപോലെയാണു സംസാരം. തട്ടിപ്പുകേസിലെ പ്രതിയെ പുറത്തിറക്കാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക് എങ്ങനെ ഉണ്ടായെന്നു കമ്മിഷന്‍ അന്വേഷിക്കണമെന്നും ശ്രീരാമകൃഷ്ണന്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഡല്‍ഹി യാത്രയെക്കുറിച്ച് 2013 ജൂണ്‍ 16ന് മാത്യു ടി. തോമസ് എംഎല്‍എ അവതരിപ്പിച്ച അടിയന്തരപ്രമേയത്തിനു മുഖ്യമന്ത്രി നല്‍കിയ മറുപടി സഭയെ കബളിപ്പിക്കുന്നതാണ്. 27നു നടന്ന കേന്ദ്ര ആസൂത്രണ സമിതിയോഗം 29നു നടന്നെന്നാണു മുഖ്യമന്ത്രി പറഞ്ഞത്.

അതിനുശേഷം ഇതേ വിഷയത്തില്‍ 20നു താന്‍ അവതരിപ്പിച്ച അടിയന്തരപ്രമേയത്തിനു മറുപടി നല്‍കിയിട്ടില്ല. ഇതുസംബന്ധിച്ച നിയമസഭാ രേഖകള്‍ കമ്മിഷനു നല്‍കി.

ടീം സോളാര്‍ കമ്പനിക്കായി കേന്ദ്രമന്ത്രി ഫറൂഖ് അബ്ദുള്ള, പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഇടപാടുകാരനായ ബാബു രാജ് എന്നിവര്‍ക്കു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ലെറ്റര്‍ഹെഡില്‍ നല്‍കിയ കത്തിന്റെ കോപ്പിയും ശ്രീരാമകൃഷ്ണന്‍ ഹാജരാക്കി.

Top