കോഴിക്കോട്: അട്ടപ്പാടിയില്‍ ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നവരെ സര്‍ക്കാര്‍ സ്ഥലം മാറ്റുന്നുവെന്ന് എഡിജിപി ബി സന്ധ്യ. തന്നെയും ഇതുപോലെ സ്ഥലം മാറ്റുകയായിരുന്നുവെന്നും അവര്‍ ആരോപിച്ചു. അട്ടപ്പാടിയിലെ ഭൂമികയ്യേറ്റങ്ങള്‍ക്കു പിന്നില്‍ ഭൂമാഫിയയാണെന്നും അവര്‍ പറഞ്ഞു.
തന്റെ നോവല്‍ പ്രകാശന ചടങ്ങിനിടെയാണ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സന്ധ്യ രംഗത്തെത്തിയത്. ആദിവാസികള്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ അധികൃതര്‍ അനുവദിക്കുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.
ബാര്‍ കോഴയില്‍പെട്ട് പിടയുന്ന സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനുമുള്ള കനത്ത പ്രഹരമാണ് സന്ധ്യയുടെ ഈ പരസ്യ പ്രതികരണം. ഉദ്യോഗസ്ഥരും നിലപാട് മാറ്റിത്തുടങ്ങിയെന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ സന്ധ്യയുടെ പ്രതികരണത്തെ കാണുന്നത്.
സര്‍വ്വീസിലിരിക്കുന്ന ഒരു ഉദ്യോഗസ്ഥ സര്‍ക്കാരിന്റെ നടപടിക്കെതിരെ പരസ്യമായി രംഗത്ത് വന്നത് അത്യപൂര്‍വ്വ നടപടിയാണ്. അച്ചടക്ക ലംഘനം നടത്തിയ സന്ധ്യക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും ആഭ്യന്തര വകുപ്പില്‍ ഉയര്‍ന്നിട്ടുണ്ട്.


