സരിതയുടെ നാവിന്‍ തുമ്പില്‍ ആടി ഉലഞ്ഞ് സര്‍ക്കാര്‍; ആകാംഷയോടെ രാഷ്ട്രീയ കേരളം

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസിലെ വിവാദ നായിക സരിത നായരുടെ നാവിന്‍ തുമ്പില്‍ ആടി ഉലഞ്ഞ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. സരിതയുടെ രഹസ്യമൊഴിയിലെ രണ്ടു പേജു മാത്രം പുറത്തുവിട്ടപ്പോഴുളള വിവാദം വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ മുന്നറിയിപ്പ് സൂചനയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

സരിതയുടെ കത്ത് വായിച്ചെന്ന് നേരത്തെ വെളിപ്പെടുത്തിയ കേരള കോണ്‍ഗ്രസ് ബി. ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയുടെ പക്കല്‍ കത്തിന്റെ പകര്‍പ്പുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. മാണിയുമായുള്ള പോരിന്റെ മൂര്‍ധന്യത്തില്‍ പി.സി ജോര്‍ജ് പുറത്തുവിട്ടതെന്ന തരത്തിലാണിപ്പോള്‍ സരിതയുടെ കത്തില്‍ ജോസ്.കെ മാണിയെ പ്രതിക്കൂട്ടിലാക്കുന്ന രണ്ട് പേജ് മാത്രം പുറത്തായത്.

മൂന്ന് കോണ്‍ഗ്രസ് മന്ത്രിമാരും രണ്ട് മുന്‍ കേന്ദ്രമന്ത്രിമാരും അടക്കമുള്ള പ്രമുഖരുടെ വിവരങ്ങല്‍ ഇനിയും പുറത്തുവരാനുണ്ട്. ആദ്യം പുറത്തുവന്നത് തന്റെ കത്തിലെ ഭാഗമെന്ന് റിപ്പോര്‍ട്ടര്‍ ചാനലിനോട് വെളിപ്പെടുത്തിയ സരിത നിമിഷങ്ങള്‍ക്കകം വ്യാജ കത്താണെന്ന വാദവുമായി രംഗത്തെത്തിയതും ശ്രദ്ധേയമാണ്.

മുഖ്യമന്ത്രിയെ വരെ കുഴപ്പത്തിലാക്കുന്ന നിരവധി രഹസ്യ വിവരങ്ങളുള്ള സരിതയുടെ കത്ത് ഒതുക്കിയതിനു പിന്നില്‍ നാല് കോടി രൂപയുടെ ഇടപാടുനടന്നതായി രാഷ്ട്രീയ വൃത്തങ്ങളില്‍ സംസാരമുണ്ടായിരുന്നു. മന്ത്രിമാരുടെയും പ്രമുഖരുടെയും പേര് വെളിപ്പെടുത്താതെ സര്‍ക്കാരിനെ രക്ഷിക്കുന്ന തരത്തില്‍ മൊഴി നല്‍കിയ സരിത പിന്നീട് വളരെ വേഗത്തില്‍ ജയില്‍ മോചിതയാകുന്ന കാഴ്ചയാണ് കണ്ടത്.

പരാതിക്കാര്‍ക്കെല്ലാം പണം നല്‍കി കേസ് പിന്‍വലിക്കുകയായിരുന്നു. കേസ് പരിഗണിക്കുന്ന വേളയില്‍ ജയിലില്‍ കിടക്കുന്ന സരിതക്ക് പരാതിക്കാര്‍ക്ക് നല്‍കാന്‍ ഇത്രമത്രം പണം എവിടെനിന്ന് എന്ന് ഒരു വേള കോടതി പോലും ചേദിച്ചിരുന്നു.

ജയില്‍ മോചിതയായ സരിത കേരളത്തിലെ പുതിയ സെലിബ്രിറ്റിയായി വളരുകയായിരുന്നു. ടെലിവിഷന്‍ ചാനലില്‍ അവതാരികയായും ടെലിഫിലിം നായികയായിപ്പോലും സരിത വിലസി. കോണ്‍ഗ്രസ് എംഎല്‍എ അബ്ദുല്ലക്കുട്ടിയും എഡിജിപി പത്മകുമാറും പീഡിപ്പിച്ചെന്ന് സരിത നല്‍കിയ പരാതി സര്‍ക്കാര്‍ മുക്കുകയും ചെയ്തു.

നഗ്ന ദൃശ്യങ്ങള്‍ വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ചതിനു പിന്നില്‍ എഡിജിപി പത്മകുമാറാണെന്ന സരിതയുടെ പരാതിയില്‍ അന്വേഷണം നടത്തുന്നത് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. ഇതും സരിതയെ പ്രകോപിപ്പിച്ചിട്ടുണ്ട്. കേസ് അട്ടിമറിക്കാന്‍ വേണ്ടിയാണ് ജൂനിയര്‍ ഉദ്യോഗസ്ഥനെ അന്വേഷണം ഏല്‍പ്പിച്ചതെന്നാണ് സരിതയുടെ ആരോപണം.

കേരള കോണ്‍ഗ്രസില്‍ കെ.എംമാണി- പി.സി ജോര്‍ജ് ഏറ്റുമുട്ടലില്‍ സരിതയുടെ കത്തും ആയുധമായതോടെ കത്തിന്റെ പൂര്‍ണ്ണരൂപം വെളിപ്പെടുത്തുമെന്നറിയിച്ച് സരിത നായരും രംഗത്തെത്തിക്കഴിഞ്ഞു. രാഷ്ട്രീയ ധാര്‍മ്മികത എന്നും ഉയര്‍ത്തിപ്പിടിച്ച കേരള രാഷ്ട്രീയവും ഭരണവും ഇപ്പോള്‍ സരിതയുടെ നാവിന്‍ തുമ്പിലാണ്.

Top