ഹൈദരാബാദ്: സത്യം ഓണ്‍ലൈന്‍ തട്ടിപ്പുകേസില്‍ സത്യം കംപ്യൂട്ടേഴ്‌സ് സ്ഥാപകന്‍ ബി. രാമലിംഗ രാജുവിന് ഏഴു വര്‍ഷം തടവും അഞ്ചുകോടി രുപ പിഴയും ശിക്ഷവിധിച്ചു. ഹൈദരാബാദിലെ സിബിഐ കോടതിയുടേതാണു വിധി. കേസില്‍ രാമലിംഗ രാജു ഉള്‍പെടെ 10 പേരെയാണു കോടതി കുറ്റക്കാരായി കണ്ടെത്തിയിരിക്കുന്നത്.
വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, കള്ളക്കണക്ക് ചമയ്ക്കല്‍, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ എന്നിവയാണു പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. രാമലിംഗ രാജുവിന്റെ സഹോദരന്‍മാരായ രാമ രാജു, സൂര്യനാരായണ രാജു എന്നിവരും പ്രതികളാണ്.
കമ്പനിയുടെ കണക്കുപുസ്തകങ്ങളില്‍ തിരിമറികള്‍ നടത്തി ലാഭം പെരുപ്പിച്ചുകാണിച്ചാണ് തട്ടിപ്പ് നടത്തിയത്. 14,000 കോടി രൂപയുടെ വെട്ടിപ്പാണ് ഈ കുത്തകഭീമന്‍മാര്‍ നടത്തിയത്. 2009 ജനുവരി ഏഴിനാണ് സത്യം കമ്പ്യൂട്ടേഴ്‌സ് കുംഭകോണം പുറത്തുവരുന്നത്.കേസില്‍ ജൂണില്‍ വിചാരണപൂര്‍ത്തിയാക്കിയിരുന്നു. 216 സാക്ഷികളെ വിസ്തരിക്കുകയും 3038 രേഖകള്‍ പരിശോധിക്കുകയും ചെയ്തു.


