സച്ചിന്റെ ‘ആത്മകഥ പ്ലെയിംഗ് ഇറ്റ് മൈ വേ’ ഇന്ന് പുറത്തിറക്കും

ന്യൂഡല്‍ഹി: പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ഹിറ്റായ സച്ചിന്റെ ആത്മകഥ ‘ പ്ലെയിംഗ് ഇറ്റ് മൈ വേ’ ഇന്ന് പ്രകാശനം ചെയ്യും.

മുന്‍ ഇന്ത്യന്‍ കോച്ച് ഗ്രെഗ് ചാപ്പലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പുറത്തിറങ്ങുന്ന പുസ്തകം ഇതിനോടകം തന്നെ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായി കഴിഞ്ഞു. 2007 ലോകകപ്പിന് മുമ്പ് രാഹുല്‍ ദ്രാവിഡിനെ നീക്കി ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രെഗ് ചാപ്പല്‍ വീട്ടിലെത്തി തന്നെ കണ്ടതായി സച്ചിന്‍ ആത്മകഥയില്‍ വെളിപ്പെടുത്തുന്നുണ്ട്.. 2007 ലോകകപ്പിന് തൊട്ടു മുമ്പുള്ള ചാപ്പലിന്റെ നീക്കം തന്നെ ഞെട്ടിച്ചു. ഈ സമയം തന്റെ ഒപ്പം ഉണ്ടായിരുന്ന ഭാര്യ അഞ്ജലി പോലും ഈ വാക്കുകള്‍ കേട്ട് ഞെട്ടി. ആ ലോക കപ്പില്‍ ഇന്ത്യ തോറ്റ് തുന്നം പാടിയത് ചാപ്പല്‍ കാരണമാണെന്ന് സച്ചിന്‍ പറയുന്നു.

ക്രിക്കറ്റ് കളിച്ചത് പോലെ ആത്മാര്‍ത്ഥമായാണ് താന്‍ പുസ്തകം എഴുതിയതെന്ന് സച്ചിന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. 16ാം വയസില്‍ ആദ്യ അന്താരാഷ്ട്ര മത്സരം തുടങ്ങിയതു മുതല്‍ തന്റെ അവസാന മത്സരത്തില്‍ ലഭിച്ച വികാര നിര്‍ഭരമായ വിടവാങ്ങല്‍ വരെയുള്ള മുഹൂര്‍ത്തങ്ങളാണ് പുസ്തകത്തില്‍. 496 പേജുള്ള പുസ്തകത്തിന്റെ പ്രസാധകര്‍ ഹോഡര്‍ ആന്‍ഡ് സ്റ്റൗട്ടനാണ്. ആയിരക്കണക്കിനാളുകളാണ് പുസ്തകം ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തിരിക്കുന്നത്. ഓണ്‍ലൈന്‍ വില 509 രൂപയാണ് .

Top