സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

തിരുവനന്തപുരം: 2013 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. എന്നാല്‍ മികച്ച ഗായകനുളള സംസ്ഥാന പുരസ്‌കാരം നല്‍കിയില്ല. ഗായകനാരെന്ന തര്‍ക്കം നിലനില്‍ക്കുന്നതിനാലാണ് പുരസ്‌കാരം നല്‍കാത്തതെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

പുരസ്‌കാര നിര്‍ണ്ണയവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിയമനടപടിയ്ക്ക് വഴിമാറിയതിനിടയിലാണ് 2013ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. കനകക്കുന്ന് കൊട്ടാരത്തില്‍ എംടി വാസുദേവന്‍ നായരടക്കമുളള പ്രമുഖര്‍ പങ്കെടുത്ത പ്രൗഡ ഗംഭീരമായ ചടങ്ങിലായിരുന്നു പുരസ്‌കാരവിതരണം.

2013ലെ മികച്ച ചിത്രത്തിനുളള അവാര്‍ഡ് ക്രൈം നമ്പര്‍ 89 എന്ന ചിത്രത്തിന്റെ സംവിധായകന്‍ സുദേവന്‍ ഏറ്റുവാങ്ങി. 1 ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മികച്ച സംവിധായകനുളള 1 ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം ശ്യാമപ്രസാദിന് സമ്മാനിച്ചു. മികച്ച നടനുളള പുരസ്‌കാരം ലാല്‍ ഏറ്റുവാങ്ങി. മികച്ച നടനുളള പുരസ്‌കാരം പങ്കുവെച്ച ഫഹദ് ഫാസില്‍ അസൗകര്യം മൂലം അവാര്‍ഡ് സ്വീകരിക്കാനെത്തിയില്ല. മികച്ച നടിക്കുളള പുരസാകരം ആന്‍ അഗസ്റ്റിന്‍ സ്വീകരിച്ചു. 75000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

മികച്ച പിന്നണി ഗായകനുളള അവാര്‍ഡ് വിതരണം ചെയ്യാത്തത് ആശയകുഴപ്പത്തിനിടയാക്കി. ഒറീസ എന്ന ചിത്രത്തിലെ ഗായകനുളള അവാര്‍ഡ് നേരത്തെ തന്നെ വിവാദമായിരുന്നു. ചിത്രത്തില്‍ ഗാനം ആലപിച്ച പ്രദീപിനെ ഒഴിവാക്കി ട്രാക്ക ്പാടിയ കാര്‍ത്തിക്കിന് അവാര്‍ഡ് നല്‍കിയതായിരുന്നു വിവാദത്തിനിടയാക്കിയത്. തര്‍ക്കത്തെ തുടര്‍ന്ന് നിര്‍മ്മാതാവിനോട് ഗായകനാരെന്ന് വ്യക്തമാക്കാന്‍ ചലച്ചിത്ര അക്കാദമി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ നിര്‍മ്മാതാവ് തീരുമാനം അറിയിക്കാത്തതാണ് അവാര്‍ഡ് നല്‍കാത്തതിന് കാരണമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാക്യഷ്ണന്‍ വിശദീകരിച്ചു. വിവിധ വിഭാഗങ്ങളിലെ മറ്റെല്ലാ പുരസ്‌കാരങ്ങളും ജേതാക്കള്‍ ഏറ്റുവാങ്ങി.

Top