സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനിത് ചരിത്രനേട്ടം; ആദ്യ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടന്നു. കോട്ടയം മെഡിക്കല്‍ കോളജിലാണ് ശസ്ത്രക്രിയ നടത്തിയത്.

കൊച്ചി ലൂര്‍ദ് ആശുപത്രിയില്‍ നിന്നാണ് ഹൃദയം എത്തിച്ചത്. ആലുവ കടുങ്ങല്ലൂര്‍ സ്വദേശി വിനയകുമാറിന്റെ ഹൃദയം പത്തനംതിട്ട സ്വദേശി വി.കെ. പൊടിമോനാവച്ചുപിടിപ്പിച്ചത്. ശസ്ത്രക്രിയയുടെ ആദ്യ ഘട്ടം വിജയകരമായി പിന്നിട്ടതായി ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. പി.കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് ശസ്ത്രക്രീയ നടത്തിയത്.

അപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച വിനിയകുമാറിന്റെ കുടുംബം അവയവദാനത്തിനായി സമ്മതിച്ചതോടെ സംസ്ഥാന സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി പ്രകാരം ഹൃദയം സ്വീകരിക്കാന്‍ കാത്തുനില്‍ക്കുന്നവരുടെ പട്ടിക പരിശോധിച്ചതില്‍ കോട്ടയത്ത് രണ്ട് പേരുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചിറ്റാര്‍ സ്വദേശിയായ പൊടിമോന് ഇത് യോജിക്കും എന്ന് കണ്ടെത്തിയത്.

ഹൃദയത്തിന് പുറമെ വിനയകുമാറിന്റെ വൃക്കകളും കരളും നേത്രപടലവും ദാനം ചെയ്തിട്ടുണ്ട്.

Top