തിരുവനന്തപുരം: സംസ്ഥാനത്ത് കേവല വേതന ബില്‍ ഉടന്‍ നടപ്പിലാക്കുമെന്നു തൊഴില്‍ വകുപ്പു മന്ത്രി ഷിബു ബേബി ജോണ്‍. സംസ്ഥാനത്തെ എല്ലാ തൊഴില്‍ മേഖലകളിലും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരും കലാ പ്രവര്‍ത്തന മേഖലയില്‍ ഉള്‍പ്പെടെയുളള എല്ലാ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും ഒരു മിനിമം ഗ്യാരന്റീഡ് വേതനം അവകാശമാക്കുന്നതിനു വേണ്ടിയുളളതാണ് ഈ ബില്‍ അവതരിപ്പിക്കുന്നതെന്ന് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. നിയമസഭയില്‍ തൊഴില്‍വകുപ്പിനുവേണ്ടിയുള്ള ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ മറുപടി പറയുകുയായിരുന്നു അദ്ദേഹം.
എല്ലാ സ്ഥാപനങ്ങളിലെയും തൊഴിലാളികള്‍ക്ക് ദേശീയ അവധിദിനങ്ങളില്‍ ശമ്പളത്തോടുകൂടിയ അവധി നല്‍കുന്നതിനു വേണ്ടി കേരള ഇന്‍ഡസ്ട്രിയല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നാഷനല്‍ ആന്റ് ഫെസ്റ്റിവല്‍ ഹോളിഡേയ്‌സ് അമന്റ്‌മെന്റ് ബില്ല് 2015 അവതരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ ഇരുപതോ അതില്‍ കൂടുതലോ തൊഴിലാളികളുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കേ ഈ അവധികള്‍ക്ക് അര്‍ഹതയുള്ളു. 1958ല്‍ പാസാക്കിയ ഈ നിയമത്തിലെ പോരായ്മകള്‍ ഒഴിവാക്കുന്നതിനുകൂടിയാണ് നിയമഭേദഗതി വരുത്തുന്നതെന്നും മന്ത്രി പറഞ്ഞു.


