സംസ്ഥാനത്ത് അടുത്ത മാസം മുതല്‍ ക്യാന്‍സര്‍ ചികിത്സ സൗജന്യമാകും

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ അടക്കം എട്ട് ആശുപത്രികളില്‍ നവംബര്‍ ഒന്നുമുതല്‍ കാന്‍സര്‍ ചികിത്സ സൗജന്യമാകും.സുകൃതം പദ്ധതിയുടെ മൂന്നാം ഘട്ടമായി കാന്‍സര്‍ ബാധിതരായ കുട്ടികളുടെ വിദ്യാഭ്യാസം സൗജന്യമാക്കുമെന്ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

നവംബര്‍ ഒന്നുമുതല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും തിരുവനന്തപുരം സ്റ്റേറ്റ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, മലബാര്‍ കാന്‍സര്‍ സെന്റര്‍, എറണാകുളം ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലുമാണ് എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ സൗജന്യ ചികിത്സ ലഭ്യമാക്കുക. രണ്ടാം ഘട്ടമായി സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചികിത്സ സൗജന്യമാക്കുന്ന സുകൃതം പദ്ധതി ചലച്ചിത്രതാരം മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. കാന്‍സര്‍ സമൂഹത്തില്‍നിന്ന് തുടച്ചുനീക്കാന്‍ കഴിയണമെന്ന ആഗ്രഹമുള്ളതിനാല്‍ പദ്ധതി അധികനാള്‍ നീണ്ടുനില്‍ക്കാന്‍ ഇടവരരുതേ എന്ന പ്രാര്‍ത്ഥനയോടെയാണ് പദ്ധതി സമര്‍പ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള കാന്‍സര്‍ സൊസൈറ്റിയാണ് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുക. ആദ്യഘട്ട പദ്ധതിക്ക് വര്‍ഷം 300 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പൊതുജന പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുക. പ്രവാസി വ്യവസായി സി.കെ. മേനോന്‍ പദ്ധതിക്കായി ഒരു കോടി രൂപ ചടങ്ങില്‍ മുഖ്യമന്ത്രിക്ക് കൈമാറി. എം.ജി. ശ്രീകുമാറിന്റെ മേല്‍നോട്ടത്തിലുള്ള ചാരിറ്റബിള്‍ ട്രസ്റ്റും ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തു. ഉദ്ഘാടന ചടങ്ങില്‍ അതിഥികള്‍ക്ക് പൂച്ചെണ്ടിന് പകരം നല്‍കിയ കാരുണ്യ ലോട്ടറികള്‍ അവര്‍ പദ്ധതിക്ക് നല്‍കി.

Top