സംസ്ഥാനത്ത് അടച്ച് പൂട്ടേണ്ട 34 ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ പട്ടിക സര്‍ക്കാരിന് കൈമാറി

തിരുവനന്തപുരം: ആദ്യഘട്ടത്തില്‍ അടച്ചുപൂട്ടേണ്ട 34 ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ പട്ടിക കോര്‍പ്പറേഷന്‍ സര്‍ക്കാരിന് നല്‍കി.  കോര്‍പ്പറേഷന്‍ നല്കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചാല്‍ പൂട്ടാനുള്ള ഉത്തരവ് എക്‌സൈസ് വകുപ്പ് കൈമാറും. കണ്‍സ്യൂമര്‍ ഫെഡിന്റെ അടച്ചുപൂട്ടേണ്ട അഞ്ച് വില്‍പ്പന കേന്ദ്രങ്ങളുടെ പട്ടിക ഇതുവരെ സര്‍ക്കാരിന് കൈമാറിയിട്ടില്ല. സര്‍ക്കാരിന്റെ പുതിയ മദ്യനയ പ്രകാരം ഒക്‌ടോബര്‍ രണ്ടു മുതല്‍ ഇവ തുറന്നു പ്രവര്‍ത്തിക്കില്ല.  ഒക്‌ടോബര്‍ രണ്ടിന് ശേഷമുള്ള ഞായറാഴ്ചകള്‍ ഡ്രൈ ഡേ ആയിരിക്കുമെന്നും സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

പാപ്പനംകോട്, വട്ടപ്പാറ, മാരായമുട്ടം (തിരുവനന്തപുരം), തേവലക്കര, ഭരണിക്കാവ്, മടത്തറ (കൊല്ലം), കുളനട, പഴയകട (പത്തനംതിട്ട), കളര്‍കോട്, പിച്ചു അയ്യര്‍ ജംഗ്ഷന്‍ (ആലപ്പുഴ), വാകത്താനം, കൊല്ലപ്പള്ളി, പുളിക്കല്‍കവല (കോട്ടയം), പാമ്പനാര്‍, വെള്ളത്തൂവല്‍, മാങ്കുളം, ചിന്നക്കനാല്‍ (ഇടുക്കി), പൂത്തോട്ട, പേട്ട, കുമ്പളങ്ങി, തോപ്പുംപടി, അത്താണി (എറണാകുളം), ഗുരുവായൂര്‍, മുണ്ടുപാലം (തൃശൂര്‍), പാലക്കാട് ടൗണ്‍, തൃത്താല, പട്ടാമ്പി (പാലക്കാട്), വണ്ടൂര്‍ (മലപ്പുറം), മുക്കം, താമരശേരി (കോഴിക്കോട്), പടിഞ്ഞാറേത്തറ, ചീപ്പാറ (വയനാട്), ഉളിക്കല്‍ (കണ്ണൂര്‍), കാലടിക്കടവ് (കാസര്‍ഗോഡ്) എന്നിവയാണ് കോര്‍പ്പറേഷന്‍ നല്കിയ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഔട്ട്‌ലെറ്റുകള്‍. സര്‍ക്കാര്‍ ഈ പട്ടികയില്‍ മാറ്റം വരുത്തിയേക്കുമെന്നും സൂചനയുണ്ട്.

Top