ന്യൂഡല്‍ഹി: സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി സ്വാമി അസീമാനന്ദിന്റെ ജാമ്യപേക്ഷയെ എന്‍.ഐ.എ എതിര്‍ക്കില്ല. ഇക്കാര്യം ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചു.
അസീമാനന്ദിന്റെ ജാമ്യപേക്ഷയെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യേണ്ടെന്നാണ് എന്‍ഐഎയുടെ നിലപാടെന്ന് ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചു. 68 പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനക്കേസില്‍ ഹിന്ദുത്വ ഭീകരര്‍ പ്രതിയായതിനാലാണ് കേസില്‍ സര്‍ക്കാര്‍ മൃദുസമീപനം കാണിക്കുന്നതെന്ന ആരോപണത്തിന് ഇതോടെ ശക്തമാകുകയാണ്.
മുംബൈ ഭീകരാക്രമണ കേസിലെ പ്രതി സഖീയുര്‍ റഹ്മാന്‍ ലഖ്‌വിക്ക് പാക് കോടതി ജാമ്യം അനുവദിച്ചതിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ത്തിയ ഇന്ത്യ സമാനമായ കേസില്‍ മൃദു സമീപനം സ്വീകരിക്കുന്നത് പാകിസ്താന്‍ ചോദ്യം ചെയ്‌തേക്കും.
സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസില്‍ വിചാരണ വൈകുന്നുവെന്ന് പാകിസ്താന്‍ നിരന്തരം ആരോപിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട വിവരങ്ങളും തെളിവുകളും പാകിസ്താന് കൈമാറണമെന്ന് അടുത്തിടെ പാകിസ്താന്‍ ആവശ്യപ്പെട്ടിരുന്നു.
ഡല്‍ഹിയില്‍ നിന്നും പാകിസ്താനിലെ ലാഹോറിലേക്കുള്ള പ്രതിവാര ട്രെയിന്‍ സര്‍വ്വീസായ സംഝോത എക്‌സ്പ്രസില്‍ 2007 ഫെബ്രുവരിയിലാണ് സ്‌ഫോടനമുണ്ടായത്. ട്രെയിന്‍ ഹരിയാനയിലെ പാനിപത്ത് സ്റ്റേഷനില്‍ നിന്നും പുറപ്പെട്ടയുടനെ ഉണ്ടായ പൊട്ടിത്തെറിയില്‍ 68 പേര്‍ മരിച്ചു. ഇതില്‍ അധികവും പാകിസ്താന്‍ സ്വദേശികളാണ്.
തുടര്‍ന്ന് 2010 നവംബറിലാണ് അസീമാനന്ദിനെ ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റവും കൊലക്കുറ്റവും ചുമത്തിയിട്ടുണ്ട്. ഹൈദരാബാദിലെ മക്ക മസ്ജിദ് സ്‌ഫോടനത്തിലും അജ്മീര്‍ ദര്‍ഗ സ്‌ഫോടനത്തിലും ഇയാള്‍ മുഖ്യ പ്രതിയാണ്. രാജ്യത്ത് നടക്കുന്ന സ്‌ഫോടനങ്ങളില്‍ ഹിന്ദുത്വ ഭീകരര്‍ക്കുള്ള പങ്ക് കൂടുതല്‍ വെളിവാകാന്‍ അസീമാനന്ദിന്റെ അറസ്റ്റ് ഇടയാക്കിയിരുന്നു.
അസീമാനന്ദിന് കഴിഞ്ഞ വര്‍ഷം ചണ്ഡിഗഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും ജയില്‍ വിടാന്‍ അസീമാനന്ദ് തയ്യാറായിട്ടില്ല.


