സംഗീത ചക്രവര്‍ത്തി മൈക്കല്‍ ജാക്‌സണ്‍ വിടപറഞ്ഞിട്ട് ഇന്നേക്ക് ആറ് വര്‍ഷം. ആരാധക ഹൃദയങ്ങളില്‍ സംഗീതത്തിന്റെ ദ്രുതതാളം ബാക്കിയാക്കി ഇന്നും ജീവിക്കുകയാണ് മൈക്കല്‍ ജാക്‌സണ്‍.
തന്റെ ആരാധകര്‍ക്ക് അവസാനമായി മികച്ച ഒരു സ്റ്റേജ് ഷോ എന്ന ലക്ഷ്യത്തിനായി തയ്യാറെടുക്കവെയാണ് ആറ് വര്‍ഷം മുന്‍പ് ജൂണ്‍ 25ന് പുലര്‍ച്ചെ മൈക്കല്‍ ജാക്‌സണ്‍ മരിച്ചെന്ന വാര്‍ത്ത ആരാധകരിലേക്ക് എത്തുന്നത്.
പതിനൊന്നാമത്തെ വയസ്സില്‍ സഹോദരങ്ങളോടൊപ്പമാണ് മൈക്കല്‍ ജാക്‌സണ്‍ സംഗീത ലോകത്തേക്കെത്തുന്നത്. വംശീയാധിക്ഷേപത്തിന്റെ തടസ്സങ്ങള്‍ തകര്‍ത്തെത്തിയ ജാക്‌സണായി കാത്തിരുന്നത് പോപ്പ് സംഗീതത്തിന്റെ ലോകമായിരുന്നു.
എണ്‍പതുകളിലാണ് മൈക്കല്‍ ജാക്‌സണ്‍ ആരാധകരിലേക്കെത്തുന്നത്. പിന്നീടെത്തിയ ഓരോ ആല്‍ബങ്ങളും നിലവിലെ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞു. എക്കാലത്തെയും മികച്ച പോപ്പ് താരമായ ജാക്‌സന്റെ 5 കോടി റിക്കോര്‍ഡുകളാണു വിറ്റഴിഞ്ഞത്. മറ്റൊരു ഗായകനും നേടാനാകാത്ത 13 ഗ്രാമി അവാര്‍ഡ് റെക്കോര്‍ഡുമുണ്ട്.
മരണാനന്തരം ഏറ്റവും കൂടുതല്‍ പണം സമ്പാദിക്കുന്ന കലാകാരന്‍ എന്ന പേരും മൈക്കല്‍ ജാക്‌സണ് സ്വന്തം. പാട്ടിന്റേയും ഡാന്‍സിന്റെയും അരങ്ങില്‍ മൈക്കല്‍ ജാക്‌സന്‍ ഇന്നും മാതൃകയാണ്.


