ഷാര്‍ളി എബ്ദോ ആക്രമണത്തിന് ശേഷം 19,000 വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തു

ന്യൂഡല്‍ഹി: ഷാര്‍ളി എബ്ദോ മാസികയ്ക്ക് നേരെ നടന്ന ആക്രമണത്തിന് ശേഷം 19,000 ഫ്രഞ്ച് വെബ്‌സൈറ്റുകള്‍ക്ക് നേരെ സൈബര്‍ ആക്രമണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. ഇതിനിടെ ഷാര്‍ളി എബ്ദോ വീണ്ടും മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

ഫ്രാന്‍സിലെ സൈബര്‍ പ്രതിരോധ മേധാവിയാണ് ഇക്കാര്യം അറിയിച്ചത്. പ്രമുഖരായ ഇസ്ലാമിക്ക് ഹാക്കര്‍മാരുടെ സംഘമാണ് വൈബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തിരിക്കുന്നത്. എന്നാല്‍ വളരെ ഗുരുതരമായ തരത്തില്‍ ഹാക്ക് ചെയ്തിട്ടില്ലെന്നാണ് സൂചന.

ഇതാദ്യമായിട്ടാണ് രാജ്യത്ത് ഒറ്റയടിക്ക് ഇത്രയും വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യുന്നതെന്ന് സൈബര്‍ പ്രതിരോധ വിഭാഗം അറിയിച്ചു.

മിഡില്‍ ഈസ്റ്റ് സൈബര്‍ ആര്‍മി(എം.ഇ.സി.എ), ഫല്ലാഗ ടീം, സൈബര്‍ കാലിഫേറ്റ് തുടങ്ങിയ ഹാക്കര്‍മാരാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തതെന്നാണ് സൂചന.

ഭീകരവാദത്തിനെതിരെ കഴിഞ്ഞ ഞായറാഴ്ച്ച 3.7 മില്യണ്‍ ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചതിന്റെ പ്രതികാരമായിട്ടാണ് സൈബര്‍ ആക്രമണം നടത്തിയതെന്നാണ് അറിയുന്നത്.

മുഹമ്മദ് നബിയെ പരിഹസിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനായിരുന്നു ഷാര്‍ളി എബ്ദോ വാരികയ്ക്ക് നേരെ ഭീകരാക്രമണം നടന്നത്. ആക്രമണത്തില്‍ പത്രാധിപരും പ്രസാധകനും ഉള്‍പ്പെടെ ഓഫീസിലെ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Top