ഷാരൂഖാന് പിറന്നാള്‍ മധുരം

മുംബൈ: ബോളിവുഡിലെ കിംഗ് ഖാന്‍ ഷാരൂഖ് ഖാന് ഇന്ന് നാല്‍പത്തിയൊമ്പതാം പിറന്നാള്‍. പുതിയ ചിത്രം ഹാപ്പി ന്യൂ ഇയറിന്റെ വന്‍വിജയത്തിന്റെ ആഹ്ലാദത്തിലാണ് ബാദ്ഷാ പിറന്നാള്‍ ആഘോഷിക്കുന്നത്. 1965 നവംബര്‍ രണ്ടിന് ഡല്‍ഹിയിലായിരുന്നു ഷാരൂഖിന്റെ ജനനം.

എണ്‍പതുകളുടെ അവസാനം ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത ഫൗജിയടക്കമുള്ള ഹിന്ദി സീരിയലുകളിലായിരുന്നു അഭിനയത്തിന്റെ തുടക്കം. അമിതാഭ് ബച്ചനും മറ്റും അടക്കി വാണിരുന്ന ബോളിവുഡിലേക്ക് ദീവാന എന്ന സിനിമയിലൂടെ 92 ലാണ് ഷാരൂഖ് കടന്നുവന്നത്. ഡര്‍, ബാസിഗര്‍, ദില്‍ ആഷ്‌നാ ഹെ, കരണ്‍ അര്‍ജുന്‍, അന്‍ജാം എന്നിങ്ങനെ നായകവേഷത്തോടൊപ്പം പ്രതിനായകനായും ഷാരൂഖ് ബോളിവുഡില്‍ നിലയുറപ്പിച്ചു. ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ പോലുള്ള പ്രണയസിനിമകള്‍ ഷാരൂഖിന്റെ കരിയറിലെ വഴിത്തിരിവായിരുന്നു.

കുച്ച് കുച്ച് ഹോത്താ ഹെ , കല്‍ ഹോ നാ ഹോ, മേം ഹൂ നാ, ഓം ശാന്തി ഓം, ചക് ദേ ഇന്ത്യ , മൈ നേം ഈസ് ഖാന്‍ തുടങ്ങി നിരവധി ഹിറ്റുകളാണ് ബോളിവുഡിന് ഷാരൂഖ് സമ്മാനിച്ചത്. ഇതിനിടെ നടന്‍ എന്നതിലുപരി നിര്‍മ്മാതാവിന്റെ വേഷവും ഷാരൂഖ് അണിഞ്ഞു.

Top