ശ്രീലങ്കന്‍ സ്പിന്നര്‍ തരിന്ദു കൗശലിന്റെ ബൗളിങ് ആക്ഷന്‍ സംശയത്തിന്റെ നിഴലില്‍

കൊളംബോ: ശ്രീലങ്കന്‍ സ്പിന്നര്‍ തരിന്ദു കൗശലിന്റെ ബൗളിങ് ആക്ഷന്‍ സംശയത്തിന്റെ നിഴലില്‍. കൗശല്‍ അനുവദനീയമായതിലുമേറെ കൈമടക്കിയാണ് കൗശല്‍ പന്തെറിയുന്നതെന്ന് ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിന് ശേഷം അമ്പയര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കി.

14 ദിവസത്തിനകം ഐസിസി അംഗീകൃത കേന്ദ്രത്തില്‍ കൗശലിന്റെ ബൗളിങ് പരിശോധനയ്ക്ക് വിധേയമാക്കും. എന്നാല്‍ റിപ്പോര്‍ട്ട് വരുന്നതു വരെ കൗശലിന് ബൗളിങ് തുടരാം.

കഴിഞ്ഞ ഡിസംബറില്‍ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ കൗശല്‍ ഇതുവരെ ആറ് ടെസ്റ്റുകളില്‍ നിന്ന് 24 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഒരു ഏകദിനത്തിലും കൗശല്‍ കളിച്ചിട്ടുണ്ട്.

ഇന്ത്യക്കെതിരായ പരമ്പരയിലെ മൂന്ന് ടെസ്റ്റുകളില്‍ 13 വിക്കറ്റുകളാണ് ഈ ഇരുപത്തിരണ്ടുകാരന്‍ നേടിയത്.

ബൗളിങ് ആക്ഷന്‍ വിവാദം ശ്രീലങ്കയെ വേട്ടയാടുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയുടെ സചിത്ര സേനായകെയ്ക്ക് ബൗളിങ് ആക്ഷന്റെ പേരില്‍ വിലക്ക് ലഭിച്ചിരുന്നു. മുന്‍പ് മുത്തയ്യ മുരളീധരന്‍, ലസിത് മലിംഗ, അജാന്ത മെന്‍ഡിസ് തുടങ്ങിയ ലങ്കന്‍ ബൗളര്‍മാരുടെ ബൗളിങ് ആക്ഷനിലും സംശയമുയര്‍ന്നിരുന്നു.

ബൗളിങ് ആക്ഷനിലെ പിഴവുകള്‍ പരിഹരിക്കാന്‍ സ്‌കൂള്‍ തലം തൊട്ട് താരങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനുള്ള പദ്ധതിയും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ആവിഷ്‌കരിച്ചിട്ടുണ്ട്.

Top