ശിവസേനയുമായി സഖ്യം അവസാനിപ്പിച്ചു : മറാഠയില്‍ ബിജെപിയുടെ പുറപ്പാട്

മുംബൈ: ശിവസേനയുമായി കാല്‍നൂറ്റാണ്ടു പിന്നിട്ട സഖ്യം അവസാനിപ്പിച്ച ബിജെപി മഹാരാഷ്ട്രയെ ഇളക്കിമറിക്കുന്ന തെരഞ്ഞെടുപ്പു പ്രചാരണ റാലികള്‍ക്കൊരുങ്ങുന്നു. 288 നിയമസഭാ മണ്ഡലങ്ങളിലായി ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ 300 റാലികള്‍ക്കാണു പാര്‍ട്ടി തീരുമാനം. ഇതിനു പിന്നാലെ 15 റാലികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.

തെക്കന്‍ മഹാരാഷ്ട്രയിലെ റാലികളില്‍ രാധാ മോഹന്‍ സിങ്, പൂനെയില്‍ സ്മൃതി ഇറാനി, മുംബൈയില്‍ നവജ്യോത് സിങ് സിധു, നാസിക്ക് മേഖലയില്‍ പ്രകാശ് ജാവഡേക്കര്‍ എന്നിവരാണു പങ്കെടുക്കുക. വിജേന്ദര്‍ ഗുപ്ത, ഉമ ഭാരതി, കൈലാസ് മിശ്ര എന്നിവരും സംസ്ഥാനത്തെത്തും.
സംസ്ഥാനത്ത് ഒറ്റയ്ക്കു ഭരണത്തിലേറുക എന്ന ലക്ഷ്യത്തിലാണു പാര്‍ട്ടി ശിവസേനയുമായി ബന്ധം വിച്ഛേദിച്ചത്. മോദിയും പാര്‍ട്ടിയധ്യക്ഷന്‍ അമിത് ഷായും നേരിട്ടു പ്രചാരണം നയിച്ചാലേ ലക്ഷ്യം നേടാനാവൂ എന്നു സംസ്ഥാന നേതൃത്വം അറിയിച്ചിട്ടുണ്ട്. മോദി യുഎസില്‍ നിന്നു തിരികെയെത്തിയാലുടന്‍ മഹാരാഷ്ട്രയുടെയും ഹരിയാനയുടെയും തെരഞ്ഞെടുപ്പുകാര്യങ്ങള്‍ നേരിട്ട് നിരീക്ഷിക്കുമെന്നു കരുതുന്നു.
ഹരിയാനയില്‍ ഇന്നലെ അമിത് ഷാ ബിജെപിയുടെ പ്രചാരണം തുടങ്ങി. 20 വര്‍ഷമായി കോണ്‍ഗ്രസ്, ഐഎന്‍എല്‍ഡി സര്‍ക്കാരുകള്‍ ഭരിച്ച ഹരിയാനയെ പുരോഗതിയിലേക്കു കൊണ്ടുവരാനുള്ള അവസരമാണിതെന്നു ഫത്തേഹാബാദിലെ റാലിയില്‍ ഷാ പറഞ്ഞു.

Top