യുണൈറ്റഡ് നേഷന്‍സ്: മദ്ധ്യപ്രദേശിലെ വ്യാപം അഴിമതി റിപ്പോര്‍ട്ട് ചെയ്ത മാദ്ധ്യമ പ്രവര്‍ത്തകന്‍ അക്ഷയ് സിംങിന്റെ മരണം അന്വേഷിക്കണമെന്ന് ഐക്യരാഷ്ട്ര സഭ.
മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങള്‍ക്ക് കര്‍ശന ശിക്ഷ നല്‍കണമെന്നും യു.എന്നിന്റെ അഭിപ്രായ പ്രകടനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഏജന്‍സി പറഞ്ഞു. സിംങിന്റെ നിര്യാണത്തിലുള്ള അനുശോചനം ഏജന്‍സിയുടെ ഡയറക്ടര്‍ ജനറല്‍ ഇറിന ബോകോവ രേഖപ്പെടുത്തി.
വിവരങ്ങള്‍ പുറത്ത് കൊണ്ടുവരാനും അത് ജനങ്ങള്‍ക്ക് എത്തിച്ചു നല്‍കാനുമുള്ള ഉത്തരവാദിത്തം മാദ്ധ്യമ പ്രവര്‍ത്തകരുടേതാണ്. അത് സുരക്ഷിതമായ രീതിയില്‍ നിറവേറ്റാന്‍ അവര്‍ക്ക് നിയമസംരക്ഷണം നല്‍കണം. മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ ഒരിക്കലും രക്ഷപ്പെടാന്‍ പാടില്ലെന്നും ഇറിന പറഞ്ഞു.
ഈ മാസം ആദ്യമാണ് സിംങ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഹിന്ദി ടെലിവിഷന്‍ ചാനലിന്റെ റിപ്പോര്‍ട്ടറായിരുന്നു അക്ഷയ്, സിംങിന്റെ മരണത്തോടെയാണ് വ്യാപം കേസ് കൂടുതല്‍ ശ്രദ്ധ നേടിയത്. കേസ് ഇപ്പോള്‍ സി.ബി.ഐ അന്വേഷിച്ചു വരികയാണ്. ഇതുവരെ 49 പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചെന്നാണ് കണക്ക്.


