വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് തോല്‍വി

കൊച്ചി: കൊച്ചി ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് വന്‍ തോല്‍വി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 124 റണ്‍സിന്റെ തോല്‍വിയാണ് ഉണ്ടായത്. 322 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 41 ഓവറില്‍ 197 റണ്‍സിന് എല്ലാവരും പുറത്തായി. 68 റണ്‍സെടുത്ത ശിഖര്‍ധവാനും പുറത്താകാതെ 33 റണ്‍സെടുത്ത രവീന്ദ്ര ജഡേജയുമാണ് ഇന്ത്യന്‍ നിരയില്‍ അല്‍പ്പമെങ്കിലും തിളങ്ങിയത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിനിറങ്ങിയ വിന്‍ഡീസ് നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സെടുത്തു. പുറത്താകാതെ 126 റണ്‍സ് നേടിയ മര്‍ലോണ്‍ സാമുവല്‍സിന്റെ തകര്‍പ്പന്‍ ബാറ്റിംഗാണ് വെസ്റ്റിന്‍ഡിസിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. സാമുവല്‍സാണ് മാന്‍ ഓഫ് ദി മാച്ച്.

വിരാട് കോഹ്‌ലി (രണ്ട്) സുരേഷ്‌റെയ്‌ന (പൂജ്യം), എം. എസ്. ധോണി(എട്ട്) എന്നിവര്‍ക്ക് രണ്ടക്കം കടക്കാനായില്ല. അജിങ്ക്യ രഹാനെ 24 റണ്‍സ് എടുത്തു. വാലറ്റത്ത് 19 റണ്‍സ് നേടിയ മുഹമ്മദ് ഷാമിക്കൊപ്പം 33 റണ്‍സുമായി പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ തകര്‍ച്ചയുടെ ആഴം കുറച്ചത

കൊച്ചിയിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് വിന്‍ഡീസിന്റേത്. മര്‍ലോണ്‍ സാമുവല്‍സിന്റെ സെഞ്ച്വറിയും ദിനേഷ് രാംദിന്റെ അര്‍ദ്ധ സെഞ്ച്വറിയുമാണ് വിന്‍ഡീസിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

116 പന്തില്‍ 126 റണ്‍സെടുത്ത സാമുവല്‍ പുറത്താകാതെ നിന്നപ്പോള്‍ വിക്കറ്റ് രാംദിന്‍ 59 പന്തില്‍ 61 റണ്‍സെടുത്തു. കൊച്ചിയില്‍ ഒരു വിന്‍ഡീസ് താരത്തിന്റെ ആദ്യ സെഞ്ചറിയാണ് സാമുവല്‍സിന്റെത്. നാല് വിക്കറ്റ് നേടിയ മുഹമ്മദ് ഷാമിയാണ് ഇന്ത്യയ്ക്ക് വേണ്ടി അല്‍പ്പമെങ്കിലും ഭേദപ്പെട്ട ബൗളിംഗ് പുറത്തെടുത്തത്.

അഞ്ച് കളികള്‍ ഉള്ള പരമ്പരയില്‍ കൊച്ചിയിലെ ജയത്തോടെ വിന്‍ഡീസ് 1-0 ന് മുമ്പില്‍ എത്തി. രണ്ടാം ഏക ദിനം ശനിയാഴ്ച ഡല്‍ഹിയില്‍ നടക്കും.

Top