വെള്ളാപ്പള്ളിക്കെതിരെ വി.എസ്: ആശങ്കയോടെ ബിജെപി നേതൃത്വം

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദന്‍ നടത്തിയ വെളിപ്പെടുത്തലില്‍ ഞെട്ടിയത് രാഷ്ട്രീയ കേരളം.

ഇന്നുവരെ സമുദായ നേതാവെന്ന പേരില്‍ രാഷട്രീയ കേന്ദ്രങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചും സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്ത വെള്ളാപ്പള്ളിയുടെ വിശ്വാസ്യതയെയാണ് വി.എസ് ചോദ്യം ചെയ്തത്.

നാല് വര്‍ഷം കൊണ്ട് കോളേജ് നിയമനത്തില്‍ മാത്രം നൂറ് കോടി രൂപ കോഴ വാങ്ങിയ വെള്ളാപ്പള്ളി ശ്രീനാരായണീയരെ പറ്റിക്കുകയായിരുന്നുവെന്ന അതീവ ഗുരുതരമായ ആരോപണമാണ് വി.എസ് നടത്തിയത്.

ഈ പണം സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടോയെന്ന് ചോദിച്ച വി.എസ്, കള്ളപ്പണം പിടിച്ചെടുത്ത് കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി പറഞ്ഞത് കൊണ്ടാണോ സംഘ്പരിവാറുമായി കൂട്ട് ചേരുന്നതെന്ന് ചോദിച്ച് ബിജെപിയെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

പൊതു സമൂഹത്തിനിടയില്‍ ഏറെ വിശ്വാസ്യതയുള്ള വി.എസിന്റെ പ്രതികരണം എസ്എന്‍ഡിപി യോഗത്തിന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടി തീരുമാനത്തിനും ബിജെപി സഖ്യ നീക്കത്തിനും വലിയ വെല്ലുവിളിയാകും.

വി.എസിനെ വെട്ടി പട്ടിക്കിട്ടുകൊടുക്കാന്‍ ഉദ്യേശിക്കുന്നവരാണ് സിപിഎം നേതാക്കളെന്ന വെള്ളാപ്പള്ളിയുടെ പ്രതികരണമാണ് വി.എസിനെ പ്രകോപിപ്പിച്ചത്.

വ്യക്തിപരമായ ആക്ഷേപത്തില്‍ നിന്ന് വിമുക്തനായിരുന്ന വെള്ളാപ്പള്ളിയെ രാഷ്ട്രീയപരമായി മാത്രമല്ല നിയമപരമായും പ്രതിരോധത്തിലാക്കുന്നതാണ് വി.എസിന്റെ ആരോപണം.

വെള്ളാപ്പള്ളിയുടെ ജന്മനാടായ കണിച്ചുകുളങ്ങരയില്‍ വച്ച് തന്നെയാണ് അദ്ദേഹത്തിന് ചുട്ട മറുപടി കൊടുക്കാന്‍ വി.എസ് തെരഞ്ഞെടുത്തത് എന്നതും ശ്രദ്ധേയമാണ്.

ഓരോ നിയമനത്തിനും കോഴപ്പണം വാങ്ങുന്ന നടേശനാണ് ഗുരുനിന്ദ കാണിച്ചതെന്നും എസ്.എന്‍ ട്രസ്റ്റിലെ നിയമനങ്ങള്‍ക്ക് ഈഴവരില്‍ നിന്നടക്കം കോഴവാങ്ങിയിട്ടുണ്ടെന്നും വി.എസ് ആരോപിക്കുന്നു.

എസ്എന്‍ഡിപി നേതൃത്വത്തിനെതിരെ ഈഴവ ജനവിഭാഗങ്ങള്‍ക്കിടയില്‍ സംശയത്തിന്റെ വിത്ത് പാകുന്ന നടപടിയായാണ് വി.എസിന്റെ നീക്കത്തെ വിലയിരുത്തപ്പെടുന്നത്.

25 ലക്ഷം മുതല്‍ 40 ലക്ഷം രൂപ വരെയാണ് ഓരോ നിയമനത്തിനും വാങ്ങിയതെന്നും ഇങ്ങനെ വാങ്ങിയ തുക എസ്എന്‍ ട്രസ്റ്റിന്റെയും യോഗത്തിന്റെയും വരുമാനത്തില്‍ ചേര്‍ത്തിട്ടുണ്ടോയെന്നും വി.എസ് വെല്ലുവിളിച്ചിരുന്നു.

വരുന്ന തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ എസ്എന്‍ഡിപി യോഗവുമായി ചേര്‍ന്ന് നേട്ടമുണ്ടാക്കാന്‍ പദ്ധതിയൊരുക്കുന്ന ബിജെപി നേതൃത്വത്തിന് വി.എസിനെ പ്രകോപിപ്പിച്ച വെള്ളാപ്പള്ളിയുടെ നീക്കത്തില്‍ അതൃപ്തിയുണ്ടെന്നാണ് സൂചന.

തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ഇനി വെള്ളാപ്പള്ളിയുടെ കള്ളപ്പണം സംബന്ധിച്ചും സ്വിസ് ബാങ്ക് അക്കൗണ്ട് ആരോപണം സംബന്ധിച്ചും ചര്‍ച്ചയാവുന്നത് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് ഒരു വിഭാഗം ബിജെപി നേതാക്കള്‍.

അരുവിക്കരയിലെ പ്രചരണത്തില്‍ വി.എസ് കേന്ദ്ര കമ്മറ്റിക്ക് അയച്ച കത്തും വി.എസിനെതിരായ കുറ്റപത്രവുമെല്ലാം ആയുധമാക്കിയ ബിജെപി വി.എസ് പ്രതിയോഗിയായി വരുന്നതില്‍ വലിയ ആശങ്കയിലാണ്.

എസ്എന്‍ഡിപി അവകാശപ്പെടുന്ന ഈഴവ വോട്ട് ബാങ്കില്‍ വി.എസിനുള്ള വലിയ സ്വാധീനം മാത്രമല്ല, വി.എസിന്റെ വാക്കുകള്‍ക്ക് പൊതുസമൂഹം കൊടുക്കുന്ന ‘വിലയാണ്’ ബിജെപി നേതൃത്വത്തെ ഇപ്പോള്‍ അലട്ടുന്നത്.

സിപിഎം നേതൃത്വം പോലും ഒന്നറച്ച് നിന്ന സമയത്ത്, ആഞ്ഞടിച്ച് വെള്ളാപ്പള്ളിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്ത വി.എസിന്റെ നടപടിയില്‍ സിപിഎം അണികളും ആവേശത്തിലാണ്.

Top