തിരുവനന്തപുരം: വീക്ഷണത്തിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലപാടുകളെ കുറിച്ച് വലിയ വീക്ഷണമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
സിപിഐ യെ യുഡിഎഫിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിന്റെ മുഖപ്രസംഗത്തിന് മറുപടിയായിതന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് കാനം പ്രതികരണം നടത്തിയിരിക്കുന്നത്.
വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കി രാജ്യത്തെ ജനങ്ങളെ വിഭജിക്കാന്‍ ശ്രമിക്കുന്ന ഒരു ഭരണ കൂടം ആണ് ഇന്ന് രാജ്യം ഭരിക്കുന്നത്. അവര്‍ക്ക് അധികാരത്തിലേക്കുള്ള പാത ഒരുക്കി കൊടുത്തത് കോണ്‍ഗ്രസ് ആണ്.
കോണ്‍ഗ്രസ് ഭരണകാലത്ത് ഉണ്ടായ അഴിമതി സ്വജന പക്ഷപാതം വിലക്കയറ്റം എന്നിവയില്‍ മനം മടുത്ത് ആണ് ജനങ്ങള്‍ ബി ജെ പി ക്ക് വോട്ട് നല്‍കിയത്. കേരളത്തില്‍ അധികാരത്തില്‍ ഇരിക്കുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പിന്തുടരുന്നത് അഴിമതിയുടെ ആ പാത തന്നെ ആണെന്നും കാനം പറയുന്നു.
‘അരുവിക്കര ഉപതിരഞ്ഞെടുപ്പ് ഫലം ജനങ്ങള്‍ യു ഡി എഫ് സര്‍ക്കാരിനു തന്ന ബഹുമതി ആണെന്ന് വീക്ഷണം തെറ്റിധരിക്കരുത്. അരുവിക്കര തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ഇടതുമുന്നണിയും ,കമ്മ്യുണിസ്റ്റ് പാര്‍ട്ടിയും വിലയിരുത്തും. തിരുത്തേണ്ട കാര്യങ്ങള്‍ തിരുത്തും.
ഇടതു പക്ഷ ജനാധിപത്യ മുന്നണി രൂപീകരിക്കാന്‍ മുഖ്യമന്ത്രി സ്ഥാനം ത്യജിച്ച പ്രസ്ഥാനം ആണ് സി പി ഐ.അത് കൊണ്ട് അധികാരത്തിന്റെ സുഖത്തെ കുറിച്ച് ദയവു ചെയ്തു ഞങ്ങളോട് പറയരുത് എന്ന് വിനയത്തോടെ വീക്ഷണത്തെ ഓര്‍മ്മപ്പെടുത്തുന്നു’. കാനം വ്യക്തമാക്കി.
വര്‍ഗീയതക്കും അഴിമതിക്കും എതിരെയുള്ള ശരിയായ ബദല്‍ ഇടതു പക്ഷ ജനാധിപത്യ മുന്നണി ആണ് എന്ന് സി പി ഐ വിലയിരുത്തിയിട്ടുണ്ട്. അത് മാറ്റേണ്ട ഒരു സാഹചര്യവും നിലവില്‍ ഇല്ലെന്നും കാനം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


