വി.എം സുധീരനെ വിമര്‍ശിച്ച് എ-ഐ ഗ്രൂപ്പുകള്‍ രംഗത്ത്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്റെ നടപടികള്‍ പ്രതികൂലാന്തരീക്ഷം സൃഷ്ടിക്കുന്നുതായി എ, ഐ സംയുക്ത യോഗത്തില്‍ വിമര്‍ശനം.

നിയമസഭ തിരഞ്ഞെടുപ്പ് കഴിയും വരെ എ -ഐ ഏറ്റുമുട്ടല്‍ വേണ്ടെന്നും സുധീരനെതിരെ ഒരുമിച്ച് നീങ്ങാമെന്നും യോഗത്തില്‍ ധാരണയായി.

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ പാര്‍ട്ടിയിലെ ഗ്രൂപ്പിനെ കുറിച്ചാണ് പ്രിസിഡന്റ് സംസാരിക്കുന്നത്. പാര്‍ട്ടിയില്‍ തര്‍ക്കവും തമ്മിലടിയുമുണ്ടെന്ന പ്രതീതിയാണ് സുധീരന്റെ നടപടികള്‍ മൂലമുണ്ടാകുന്നത്. എതിര്‍കക്ഷികളെ കടന്നാക്രമിക്കാന്‍ കെപിസിസി പ്രസിഡന്റ് മുതിരുന്നതുമില്ല. കണ്‍സ്യൂമര്‍ഫെഡ് പ്രശ്‌നം വഷളാക്കുകയും ചെയ്തു. അതുകൊണ്ട് സുധീരനെതിരെ ഒന്നിച്ച് നീങ്ങാനും നിയമസഭ തിരഞ്ഞെടുപ്പ് വരെ പാര്‍ട്ടി വീതംവയ്പുകളിലും വിഷയങ്ങളിലും ഗ്രൂപ്പ് തര്‍ക്കമില്ലാതെ നീങ്ങാനുമാണ് സംയുക്ത ഗ്രൂപ്പ് യോഗത്തിലെ ധാരണ.

മുഖ്യമന്ത്രി, രമേശ് ചെന്നിത്തല, ബെന്നിബഹന്നാന്‍, തമ്പാനൂര്‍ രവി, ശൂരനാട് രാജശേഖരന്‍, വിഡി സതീശന്‍ എന്നിവരാണ് യോഗം ചേര്‍ന്നത്. കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാനെ ഒരു കാരണവശാലും സ്ഥാനത്ത് നിന്ന് മാറ്റേണ്ടെന്നും തീരുമാനിച്ചു. കേരളത്തിലെ പാര്‍ട്ടി പ്രശ്‌നങ്ങള്‍ എ കെ ആന്റണിയുമായി വിശദ ചര്‍ച്ച നടത്തും. ആവശ്യമെങ്കില്‍ മാത്രം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ നേരില്‍കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കും.

അതേസമയം വി എം സുധീരന്റെ അഴിമതി വിരുദ്ധ നിലപാടുകള്‍ക്കെതിരെയാണ് ഗ്രൂപ്പുകളുടെ സംയുക്ത നീക്കമെന്നാണ് സുധീരന്‍ അനുകൂലികളുടെ വാദം.

Top